കൊല്ലം: സർക്കാരിന്റെ അഴിമതി പുറത്തുകൊണ്ടുവരുന്ന യു.ഡി.എഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുന്നത് സ്ഥിരം പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലം പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പ് സംവാദമായ ജനവിധി തദ്ദേശീയം 2020ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരെ സമരം ചെയ്യുന്നതിന്റെ പേരിൽ കേസുകളും അന്വേഷണങ്ങളും നടക്കട്ടെ, നേരിടാൻ തയ്യാറാണ്. സർക്കാർ പദ്ധതികളുടെ മറവിൽ നടന്ന കമ്മീഷൻ ഇടപാടും പാർട്ടി സെക്രട്ടറിയുടെ മകന്റെ മയക്കുമരുന്ന് കച്ചവടവും അന്വേഷിക്കേണ്ടെന്ന് പറയുന്നത് പരിതാപകരമാണ്. സർക്കാരിന്റെ മുഴുവൻ പദ്ധതികളും സ്വപ്‌ന ഉൾപ്പെടെയുള്ള ഏജന്റുമാർക്ക് ചോർത്തിനൽകിയെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരങ്ങൾ.
രൂപരേഖ തയ്യാറാകാത്ത പദ്ധതികൾ പോലും മുഖ്യമന്ത്രി നിരന്തരം ഉദ്ഘാടനം ചെയ്യുന്നു. ലീഗ് എം.എൽ.എ എം.സി.ഖമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ല, ബിസിനസ് പൊളിഞ്ഞതാണ്. പണം നിക്ഷേപിച്ചവർക്ക് അത് തിരികെ നൽകാനുള്ള ബാദ്ധ്യത ബിസിനസ് നടത്തിയവർക്കുണ്ട്. അവരുടെ പാർട്ടി അക്കാര്യത്തിൽ തീരുമാനമെടുക്കും. കേരളത്തിൽ ബി.ജെ.പി ഒരു ഘടകമേ അല്ല. ജനങ്ങൾ അവരെ അംഗീകരിക്കില്ല. ഒരേ തൂവൽ പക്ഷികളായ മോദിക്കും പിണറായി വിജയനുമെതിരായ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ശൂരനാട് രാജശേഖരൻ, കെ.സി.രാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മകനോട് കോടിയേരി അത് ചോദിച്ചോ?
മകന്റെ വീട്ടിലാണ് കോടിയേരി താമസിച്ചിരുന്നത്. കേസ് ഉണ്ടായപ്പോഴാണ് അവിടെ നിന്ന് മാറിയത്. ഇത്രയും പണം നിനക്ക് എവിടുന്ന് കിട്ടുന്നുവെന്ന് മകനോട് ചോദിക്കാനുള്ള ബാദ്ധ്യതയെങ്കിലും പാർട്ടി സെക്രട്ടറിക്ക് ഇല്ലേ? പാർട്ടി സെക്രട്ടറിയുടെ മകന്റെ ചെയ്തികൾക്ക് പാർട്ടിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് അവരുടെ തെറ്റുതിരുത്തൽ രേഖ പറയുന്നത്. അന്തസുള്ള പാർട്ടി ആയിരുന്നെങ്കിൽ സെക്രട്ടറിയെ പറഞ്ഞുവിട്ടേനെ. ധാർമ്മികതയെ കുറിച്ച് സി.പി.എം ഇനി പറയരുതെന്നും ചെന്നിത്തല പറഞ്ഞു.