800 മീറ്റർർ റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു
തഴവ: വർഷങ്ങളോളം ഗതാഗത യോഗ്യമല്ലാതിരുന്ന കീഴ്നെല്ലൂർ മൂത്തേരി മുക്ക് റോഡിന് മോക്ഷമായി.
രോഗികളും വയോധികരും ഉൾപ്പടെയുള്ളവർ മഴക്കാലത്ത് മലിനജലത്തിലൂടെ നടത്തുന്ന ദുരിതയാത്ര കേരളകൗമുദി വാർത്തയാക്കി. അതിന് പിന്നാലെ ആർ.രാമചന്ദ്രൻ എം.എൽ.എ റോഡ് നവീകരണത്തിന് എം. എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു.
150ഓളം കുടുംബങ്ങൾക്ക് ആശ്രയം
വെള്ളക്കെട്ടിലായി റോഡ്
കീഴ്നെല്ലൂർ ക്ഷേത്രം മുതൽ എണ്ണൂറ് മീറ്റർ നീളമുള്ള ഈ റോഡ് പ്രദേശത്തെ 150ഓളം കുടുംബങ്ങൾക്ക് സഞ്ചരിക്കുവാനുള്ള ഏക മാർഗമാണ്. പ്രാദേശിക പ്രസിദ്ധമായ കീഴ്‌നെല്ലൂർ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന ഈ റോഡിൽ കാൽനട യാത്ര പോലും ദുസഹമായ അവസ്ഥയാണ്.
റോഡിൽ നിന്നും വെള്ളം ഒഴുകി പോകുന്നതിന് യാതൊരു സംവിധാനവുമില്ലാത്തതിനാൽ പലപ്പോഴും മാസങ്ങളോളമാണ് ഇവിടെ വെള്ളം കെട്ടി കിടക്കുന്നത്. ഓട നിർമ്മിച്ച് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അതാത് വാർഡുകളിലേക്ക് അനുവദിക്കുന്ന പഞ്ചായത്ത് ഫണ്ടിൽ ഒതുങ്ങാതെ വന്നതോടെ നടപടികൾ അനിശ്ചിതത്വത്തിലാകുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. ഇത് ഉപയോഗിച്ച് റോഡിന്റെ ഒരു വശത്ത് ഓടനിർമ്മാണവും തുടർന്ന് റോഡ് നവീകരണവും പൂർത്തിയാക്കും.
പ്രതികരണം
മൂത്തേരി മുക്ക് റോഡിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ റോഡ് നവീകരണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതാണ്. ഓട നിർമ്മിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കൂടാതെ റോഡ് നവീകരിക്കുന്നതിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ചിരകാല സ്വപ്നം സഫലമാക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ആർ.രാമചന്ദ്രൻ എം.എൽ.എ.
മൂത്തേരി മുക്ക് റോഡിന്റെ നവീകരണം നാടിന്റെ നീണ്ട കാല ആവശ്യമായിരുന്നു. റോഡിന്റെ ശോച്യാവസ്ഥ അധികാരികളുടെ ശ്രദ്ധയിലെത്തിച്ചത് കേരളകൗമുദിയാണ്. റോഡിന്റെയും ഓടയുടേയും നവീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കും
സലീം അമ്പീത്തറ
ഗ്രാമ പഞ്ചായത്ത് അംഗം