കൊട്ടാരക്കര: പുത്തൂർ- ശ്രീനാരായണപുരം നിവാസികൾ കടുത്ത യാത്രാദുരിതത്തിൽ.വാട്ടർ അതോറിട്ടി നടപ്പാക്കുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതാണ് ഈ പ്രദേശത്തെ റോഡ് കാൽനട യാത്രയ്ക്ക് പോലും ദുഷ്ക്കരമായ രീതിയിൽ തകർന്ന് കിടക്കുന്നതിന്റെ കാരണം. പൈപ്പ് കുഴിച്ചിടുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഇനിയും തകർന്ന അവസ്ഥയിലാണ്.
നടപടിയില്ല
കാരിക്കൽ കടയിൽ ജംഗ്ഷൻ മുതൽ പവിത്രേശ്വരം ഭജനമഠം ജംഗ്ഷൻവരെയുള്ള ഭാഗത്തെ പൈപ്പിടീൽ കഴിഞ്ഞിട്ട് ഒരു വർഷത്തോളമായെങ്കിലും റോഡ് ടാറിട്ട് ഗതഗതയോഗ്യമാക്കാൻ ഇനിയും നടപടിയായിട്ടില്ല.പൈപ്പുകളുടെ പ്രഷർ ടെസ്റ്റും നടന്നെങ്കിലും റോഡ് ഇപ്പോഴും കുണ്ടുംകുഴിയുമായി കിടക്കുകയാണ്.
ബസ് സർവീസ് നിറുത്തി
പുത്തൂർ നിന്നും ശ്രീനാരായണപുരത്തേക്ക് ആകെയുണ്ടായിരുന്ന ഒരു ബസ് സർവീസ് റോഡ് തകർന്നതോടെ നിലച്ചു.പ്രദേശത്തെ കശുഅണ്ടി തൊഴിലാളികൾക്കും മറ്റ് യാത്രക്കാർക്കും ആകെയുണ്ടായിരുന്ന യാത്രാ സൗകര്യം ഇല്ലാതായതോടെ കാൽനടമാത്രമായി ഏക ആശ്രയം. കാൽനടയാത്രപോലും അസഹ്യമായ ഈ റോഡിലൂടെ ഓട്ടോറിക്ഷകളോ മറ്റു ടാക്സികളോ എത്താറില്ല.എത്രയും വേഗം റോഡ് പണി പൂർത്തിയാക്കി യാത്രാക്ളേശം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.