സ്വയം വിമർശന വേദിയായി യു.ഡി.എഫ് ജില്ലാ നേതൃയോഗം
കൊല്ലം: തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ ചേർന്ന ജില്ലാ യു.ഡി.എഫ് നേതൃയോഗം സ്വയം വിമർശനങ്ങൾക്ക് കൂടി വേദിയായി. അദ്ധ്യക്ഷനായിരുന്ന യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജനാണ് നിലവിലെ സാഹചര്യങ്ങൾ അക്കമിട്ട് നിരത്തിയത്.
ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥികളെ നിറുത്തുന്നതല്ലാതെ ഗൗരവത്തോടെ സമീപിക്കാറില്ല. സ്ഥാനാർത്ഥി ഓടി നടക്കും, ജയിച്ചാലായി, തോറ്റാലായി. ജയിക്കാൻ കഴിയാത്ത ജില്ലയല്ല കൊല്ലം. 2001ൽ ഒൻപത് നിയമസഭാ സീറ്റുകൾ ജില്ലയിൽ യു.ഡി.എഫ് നേടിയിട്ടുണ്ട്. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളും നാൽപ്പതിലേറെ ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ജില്ലയിൽ ഭരിച്ചിട്ടുണ്ട്.
പിന്നീട് കക്ഷികൾ തമ്മിലുള്ള ഐക്യം നഷ്ടപ്പെട്ടു. റിബലുകൾ ഉണ്ടാകുന്നു.
മുൻപ് റിബലറുകളെ പുറത്താക്കി ആറുമാസം കഴിയുമ്പോൾ അസംബ്ലി സ്ഥാനാർത്ഥികൾ അവരെ തിരിച്ചെടുക്കാൻ സമ്മർദ്ദം ചെലുത്തും. പക്ഷേ, ഇനി അത് പ്രോത്സാഹിപ്പിക്കരുത്. ഇവരെ ഭരണസമിതി കാലാവധി കഴിയും വരെ പുറത്ത് നിറുത്തണം.
റിബലുകൾക്ക് പിന്നിലും നേതാക്കളുടെ സഹായമുണ്ട്. കഴിഞ്ഞ 20 വർഷമായി കൊല്ലം കോർപ്പറേഷന് അകത്ത് കയറാൻ കഴിയുന്നില്ല. കോർപ്പറേഷൻ പരിസരത്ത് കറങ്ങിനടക്കുകയാണ് യു.ഡി.എഫ്.
ജില്ലാ പഞ്ചായത്തിലും കതക് തുറന്ന് അകത്ത് കയറാൻ കഴിഞ്ഞിട്ടില്ല. നാല് നഗരസഭകളും ജയിക്കേണ്ടതുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോറ്റാൽ നിയമസഭയിലും പ്രതിഫലിക്കുമെന്ന് മറുക്കരുത്. കോർപ്പറേഷനിൽ 55 സീറ്റ് കോൺഗ്രസിന് കിട്ടിയാലും മതിയാകില്ലെന്ന സമീപനം പലപ്പോഴും ഉണ്ടാകുന്നു. കക്ഷികളും നേതാക്കളും വിട്ടുവിഴ്ചകൾക്ക് തയ്യാറാകണം. സാഹചര്യങ്ങളോട് പെരുത്തപ്പെടണം, ഇങ്ങനെ പോയി നേതാക്കളുടെ പ്രസംഗങ്ങളിലെ സ്വയം വിമർശനങ്ങൾ.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, കേരള കോൺഗ്രസ് നേതാക്കളായ ജോണി നെല്ലൂർ, വാക്കനാട് രാധാകൃഷ്‌ണൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, കല്ലട ഫ്രാൻസിസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. അൻസറുദ്ദീൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി. രതികുമാർ, എം.എം.നസീർ, എ.ഷാനവാസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.