വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ
പുനലൂർ: കൊവിഡ് അൺലോക്കിനെ തുടർന്ന് കിഴക്കൻ മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും സന്ദർശകരുടെ എണ്ണം വിരലിലെണ്ണാവുന്നവരിൽ ഒതുങ്ങി. ദിവസവും നൂറുകണക്കിന് പേർ എത്തിയിരുന്നിടങ്ങളിൽ ഇപ്പോൾ തദ്ദേശീയർ പോലും വരാതായി.
എട്ട് മാസത്തിന് ശേഷമാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നത്. വിദേശ വിനോദ സഞ്ചാരികൾക്ക് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള സഞ്ചാരികളുമാണ് തെന്മലയിലും ആര്യങ്കാവിലും സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതലായി എത്തിയിരുന്നത്.
തെന്മലയിൽ എത്തുന്നവരെ പരപ്പാർ അണക്കെട്ട് പ്രദേശത്തെ ഉല്ലാസ ബോട്ടുയാത്ര, കുട്ടവഞ്ചി യാത്ര, മാൻ പാർക്ക് ഉൾപ്പെടെയുള്ള കൗതുക കാഴ്ചകളാണ് കൂടുതൽ ആകർഷിച്ചിരുന്നത്. അവധി ദിനങ്ങളിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിയിരുന്ന തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി മേഖലയിൽ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ എത്തിയവരുടെ എണ്ണം വിരലിൽ എണ്ണാവുന്നവരിൽ ഒതുങ്ങി.
പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പുനലൂരിലെ തൂക്കുപാലം സന്ദർശിക്കാൻ എത്തുന്നവരുടെ സ്ഥിതിയും മറിച്ചല്ല. അടച്ചുപൂട്ടിയിരുന്ന പാലരുവി ജലപാതം ഇന്നലെയാണ് തുറന്നത്. ഇവിടെ കുളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതോടെ ടൂറിസ്റ്റുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറഞ്ഞു.
കൊവിഡ് നിയന്ത്രണം തുടരുന്നു
1. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപന തോത് ഉയർത്തിയ ഭീതിയാണ് സഞ്ചാരികളെ അകറ്റിയത്
2. വരുമാനം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ
3. ചെറുകിട സ്വകാര്യ സംരംഭകരും പട്ടിണിയിൽ
4. പത്ത് വയസിൽ താഴെയും 60വയസിന് മുകളിലും പ്രായമുള്ളവരുടെ നിയന്ത്രണം തുടരുന്നു
5. സാധാരണ കുടുംബസമേതമാണ് സഞ്ചാരികൾ എത്തിയിരുന്നത്
ടൂറിസ്റ്റ് കേന്ദ്രങ്ങൾ
1. പുനലൂർ തൂക്കുപാലം
2. തെന്മല ഇക്കോ ടൂറിസം
3. ശെന്തുരുണി വന്യജീവി മേഖല
4. മാൻ പാർക്ക്
5. ഒറ്റക്കൽ ലുക്കൗട്ട് പവലിയൻ
6. പാലരുവി ജലപാതം
തുറക്കുന്നത്:
8 മാസത്തിന് ശേഷം
''
കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതാണ് ടൂറിസ്റ്റുകളുടെ എണ്ണം കുറച്ചത്. നിയന്ത്രണങ്ങളും മേഖലയെ പിന്നോട്ടടിച്ചു.
ടൂറിസം വകുപ്പ്