നല്ല പദ്ധതികൾ താറുമാറാക്കിയെന്ന് വിമർശനം
കൊല്ലം: വെളിനല്ലൂരിൽ വികസനത്തിന്റെ പുതുവെളിച്ചം പകർന്നതിന്റെ നിർവൃതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗം ടി. ഗിരിജാകുമാരി. എന്നാൽ മുൻകാലങ്ങളിൽ തുടങ്ങിവച്ച പല നല്ല പദ്ധതികളും താറുമാറാക്കിയെന്ന വിമർശനമാണ് പ്രതിപക്ഷത്തിനുള്ളത്.
എൽ.ഡി.എഫിന്റെ കുത്തകയെന്ന് അവകാശപ്പെടാൻ കഴിയാത്ത ഡിവിഷനുകളിലൊന്നാണ് വെളിനല്ലൂർ. ജില്ലാ കൗൺസിലിന്റെ കാലത്ത് ഇവിടെ നിന്ന് ഇടതുപക്ഷക്കാരെ വിജയിച്ചിട്ടുള്ളൂ. എന്നാൽ 2010ൽ വെളിനല്ലൂർ ഹൃദയം നൽകിയത് യു.ഡി.എഫിനാണ്. കഴിഞ്ഞ തവണ ഡിവിഷൻ തിരിച്ചുപിടിച്ചാണ് ഗിരിജകുമാരി ജില്ലാ പഞ്ചായത്ത് അംഗമായത്. അവസാന മൂന്ന് മാസക്കാലം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയുമായി. ഇളമാട്, പൂയപ്പള്ളി, വെളിനല്ലൂർ പഞ്ചായത്തുകൾ പൂർണമായും വെളിയത്തെ മൂന്ന് വാർഡുകളും ചേർന്നതാണ് വെളിനല്ലൂർ ഡിവിഷൻ.
ഭരണപക്ഷം
1.1948ൽ സ്ഥാപിച്ച അമ്പലംകുന്ന് മഹാത്മജി ഗ്രന്ഥശാലയ്ക്ക് 20 ലക്ഷം ചെലവിൽ പുതിയ കെട്ടിടം
2. തേവന്നൂർ എച്ച്.എസ്.എസിൽ ഡൈനിംഗ് ഹാളും കിച്ചനും സഹിതം 1.38 കോടിയുടെ വികസനം
3. തേവന്നൂർ, പൂയപ്പള്ളി സ്കൂളുകളിൽ 32 ലക്ഷം ചെലവിൽ ഹൈടെക് ലേഡീസ് ടൊയ്‌ലെറ്റ്
4. നാല് ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ
5. ആറുകോടി ചെലവിൽ റോഡ് നിർമ്മാണം
6. മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറക്കടവ് പാലത്തിലേക്ക് പുതിയ റോഡ്
7. വെളിനല്ലൂർ കാളവയലിൽ പുതിയ റോഡ്
8. കരിങ്ങന്നൂർ കുളം നവീകരണത്തിന് ടെണ്ടറായി
9. വെളിയം, ഇളമാട് പഞ്ചായത്തുകളിൽ 30 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി
10. ഭിന്നശേഷിക്കാർക്ക് ജോയി സ്റ്റിക്ക് ഓപ്പറേറ്റഡ് വീൽ ചെയർ
11. അജഗ്രാമം, ക്ഷീരഗ്രാമം പദ്ധതികളിലൂടെ തൊഴിൽ രഹിതർക്ക് ആടും പശുക്കളും
12. പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
ടി. ഗിരിജകുമാരി
ജില്ലാപഞ്ചായത്ത് അംഗം
പ്രതിപക്ഷം
1. പട്ടികജാതി കോളനികളുടെ വികസനത്തിന് ഒന്നും ചെയ്തില്ല
2. തോട്ടത്തറ ഹാച്ചറിയുടെ തൊഴിൽ സാദ്ധ്യത പ്രയോജനപ്പെടുത്തിയില്ല
3. ഹാച്ചറിയിലെ കുടുംബശ്രീ പരിശീലന കേന്ദ്രം സ്തംഭിച്ചു
4. പൂയപ്പള്ളി ജവഹർ ഗാർഡനിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തുടങ്ങിയ നീന്തൽ പരിശീലനം നിലച്ചു
5. പുതിയ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിച്ചില്ല
6. കുടിവെള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയില്ല
7. കുളങ്ങൾ നവീകരിച്ച് പ്രയോജനപ്പെടുത്തിയില്ല
8. കുടുംബശ്രീ അംഗങ്ങൾക്കായി പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങിയില്ല
9. ആരോഗ്യ മേഖലയെ പൂർണമായും അവഗണിച്ചു
10. പൂയപ്പള്ളി സ്കൂളിലെ ആർട്ട് ഗാലറി ഇല്ലാതാക്കി
11. തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കാൻ ശ്രമങ്ങളുണ്ടായില്ല
12. പരിമിതമായ വാർഡുകളിലാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് എത്തിയത്
ജെസി പ്രദീപ്
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം