kacha

കൊല്ലം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ അർഹമായ പ്രാതിനിദ്ധ്യം ലഭിക്കുന്നില്ലെന്ന വിമർശനവുമായി കെ.എസ്.യുവും ഐ.എൻ.ടി.യു.സിയും വീണ്ടും രംഗത്ത്. വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിറുത്തേണ്ടി വരുമെന്നാണ് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നിലപാട്.

ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധവും ബദൽ നീക്കങ്ങളും പ്രഖ്യാപിച്ചത്. പോസ്റ്റിന് താഴെ പിന്തുണയുമായി നിരവധി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കമന്റ് ചെയ്തു. സമവായ കമ്മിറ്റികൾ കൂടുന്നതിന് മുമ്പുതന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നാണ് ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗത്തിന്റെ നിലപാട്.

ഐ.എൻ.ടി.യു.സി പ്രവർത്തകരെ അവഗണിക്കാനാണ് തീരുമാനമെങ്കിൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു. ഗ്രൂപ്പ് പരിഗണിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാൻ നേതാക്കൾ തയ്യാറാകണമെന്നും അവർ മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് എൻ.അഴകേശൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.

യുവാക്കൾക്കും പുതുമുഖങ്ങൾക്കും പരിചയ സമ്പന്നർക്കും തിരഞ്ഞെടുപ്പിൽ ഒരേ പ്രാതിനിദ്ധ്യം നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊല്ലത്ത് നേരിട്ടെത്തി പ്രഖ്യാപനം നടത്തിയ ദിവസം തന്നെ കെ.എസ്.യുവും ഐ.എൻ.ടി.യു.സിയും ബദൽ നീക്കങ്ങൾ പ്രഖ്യാപിച്ചത് പാർ‌ട്ടി തലത്തിലും ചർച്ചയാവുകയാണ്.