പുനലൂർ:തെന്മല പഞ്ചായത്തിലെ ഇടമൺ തേവർകുന്നിൽ ക്രഷർ യൂണിറ്റ് ആരംഭിക്കുന്നതിന്റെ മറവിൽ അനധികൃത കുന്നിടിക്കലിനൊപ്പം സ്ഫോടക വസ്തു ഉപയോഗിച്ചുള്ള പാറ പൊട്ടിക്കൽ പ്രദേശവാസികളെ ഭീതിയിലാക്കുന്നു. ഇന്നലെ രാവിലെ 8 മണിയോടെ ഉഗ്രശബ്ദം കേട്ട സമീപ പ്രദേശത്തെ കുട്ടികളും മുതിർന്നവരുംപരിഭ്രാന്തിയിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുന്നിടിക്കലിന്റെ മറവിൽ അനധികൃതമായി സ്ഫോടക വസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത് കണ്ടെത്തിയത്. ഇന്നലെ അവധി ദിവസമായത് കണക്കിലെടുത്താണ് അനധികൃതമായി സ്ഫോടകവസ്തു ഉപയോഗിച്ച് പാറപൊട്ടിച്ചത്. രണ്ട് മാസം മുമ്പ് ആരംഭിച്ച കുന്നിടിക്കൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.പിന്നീട് സ്ഥലത്തെത്തിയ റവന്യൂ സംഘം സ്റ്റോപ്പ് മെമ്മോ നൽകി നിറുത്തി വച്ച കുന്നിടിക്കൽ ചെറുകിട വ്യവസായം തുടങ്ങുന്നതിൻെറ മറവിൽ വീണ്ടും ആരംഭിച്ചു. പരിസ്ഥിതി ലോല പ്രദേശമായ തേവർകുന്നിൽ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് കുന്നിടിക്കലും സ്ഫോടക വസ്തു ഉപയോഗിച്ച് അനധികൃതമായി പാറപൊട്ടിക്കലും നടത്തുന്നതെന്ന് ആക്ഷൻ കൗൺസിൽ നേതാക്കൾ ആരോപിച്ചു.സമീപ വാസികൾ തടയാതിരിക്കാൻ ഭൂമിക്ക് ചുറ്റും ഇരുമ്പ് വേലിസ്ഥാപിച്ച ശേഷമാണ് ജെ.സി.ബികൾ ഉപയോഗിച്ച് അനധികൃമായി കുന്നിടിക്കുകയും പാറപൊട്ടിക്കുകയും ചെയ്യുന്നത്. എന്നാൽ കുന്നിടിക്കാൻ റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടില്ലെന്നും ചെറുകിട വ്യവാസായം ആരംഭിക്കുന്നതിന്റെ മറവിലാണ് അനധികൃമായി കുന്നിടിക്കുന്നതെന്നും പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ അറിയിച്ചു. ഇത് കൂടാതെ സ്ഫോടക വസ്തു ഉപയോഗിച്ചു പാറപൊട്ടിച്ചതിനെ തിരെ കേസ് എടുക്കുമെന്നും ആർ.ഡി.ഒ അറിയിച്ചു.