കൊല്ലം: ഓടനാവട്ടം -ചുങ്കത്തറ പാലം അപകടാവസ്ഥയിൽ. കൈവരികളും കൽക്കെട്ടുകളും തകർന്ന പാലത്തോട് അധികൃതർക്ക് എന്നും അവഗണന മാത്രം. കൊട്ടാരക്കര- ഓയൂർ റോഡിൽ ഓടനാവട്ടത്തിനും നെല്ലിക്കുന്നത്തിനും ഇടയിലായി ചുങ്കത്തറ ജംഗ്ഷന് സമീപത്താണ് പാലം സ്ഥിതി ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണ് ഇത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് കുലുക്കം ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ടോറസ് ലോറികൾ കടന്നുപോകുമ്പോൾ നാട്ടുകാർ ഭീതിയോടെയാണ് നോക്കി നിൽക്കുന്നത്. പാലം നിർമ്മിച്ചിട്ട് അരനൂറ്റാണ്ടോടടുത്തു. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തത് കൂടുതൽ വിനയായി. ഇപ്പോൾ കൈവരികളെല്ലാം ദ്രവിച്ച് അടർന്ന് പോയിരിക്കുന്നു. കുറ്റിക്കാട് മൂടിക്കിടക്കുന്നതിനാൽ പാലത്തിന്റെ ശോച്യാവസ്ഥ ഒറ്റ നോട്ടത്തിൽ വ്യക്തമാവുകയില്ല. കൽക്കെട്ടുകൾ ഇളകി തോട്ടിലേക്ക് വീഴുന്നുണ്ട്. തോട്ടിൽ കുത്തൊഴുക്കുള്ളപ്പോൾ പാലത്തിന്റെ സ്ഥിതി കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങും. 2014ൽ കൊട്ടാരക്കര - ഓയൂർ റോഡ് നിർമ്മാണത്തിന് പതിനെട്ട് കോടി രൂപ അനുവദിച്ചപ്പോൾ പാലം പുനർ നിർമ്മാണത്തിനും നീക്കം നടത്തിയിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ പോലും നടന്നില്ല. പാലം തീർത്തും തകർച്ചയിലേക്ക് നീങ്ങുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധവും രൂക്ഷമാണ്. ഈ പാലം തകർന്നാൽ ഓയൂർ- കൊട്ടാരക്കര റോഡിലെ ഗതാഗതവും തടസപ്പെടും. അതിന് മുൻപായി അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് പതിയേണ്ടതുണ്ട്.
കൽക്കെട്ട് ഇടിഞ്ഞു തള്ളി
പാലത്തിനോട് ചേർന്ന് ഉയരത്തിൽ കൽക്കെട്ടുകളുള്ളത് ഇടിഞ്ഞ് തോട്ടിലേക്ക് തള്ളിയിട്ട് നാളേറെയായി. സ്വകാര്യ ഭൂമിയുടെ ഭാഗംകൂടിയാണിത്. ഇടിഞ്ഞുവീണത് പുനർ നിർമ്മിക്കാൻ തയ്യാറായിട്ടില്ല. ഇതുമൂലം കൂടുതൽ ഭാഗങ്ങൾ ഇടിയുന്നു. പാലത്തിന്റെ പത്ത് മീറ്റർ അകലംവരെ ഇടിഞ്ഞുതള്ളിയ നിലയിലാണ്. ഇത് പാലത്തിന്റെ നിലനിൽപ്പിന് ദോഷമാകും. അടിയന്തരമായി ഇടിഞ്ഞ കൽക്കെട്ടും പുനർ നിർമ്മിക്കണം.
എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന ചുങ്കത്തറ പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തത് പ്രതിഷേധാർഹമാണ്. അപകടം സംഭവിക്കുന്നതിന് കാത്തിരിക്കാതെ അടിയന്തരമായി ഇടപെടണം. കൽക്കെട്ടുകൾ ഇടിഞ്ഞത് പുനർ നിർമ്മിക്കണം. പാലത്തിന്റെ പുനർ നിർമ്മാണം നടക്കുന്നതുവരെ പാലം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെങ്കിലും നടത്തണം. (സൂര്യ ലാൽ, അദ്ധ്യാപിക, വെളിയം)