കൊല്ലം: താലൂക്ക് കച്ചേരി മുതൽ ആശ്രാമം മൈതാനം വരെയുള്ള ലിങ്ക് റോഡ് 10 കോടി രൂപ ചെലവിൽ നവീകരിക്കുന്നു. ലിങ്ക് റോഡിന്റെ മൂന്നാംഘട്ട വികസനം പൂർത്തിയാകുന്നതോടെ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഗതാഗതപ്പെരുപ്പം കണക്കിലെടുത്താണ് റോഡ് നവീകരിക്കുന്നത്.
ലിങ്ക് റോഡ് ഓലയിൽക്കടവിലേക്ക് നീട്ടുന്നത് വരുന്ന മാർച്ചിൽ പൂർത്തിയാകും. അതിന് മുൻപേ തന്നെ നിലവിലുള്ള ലിങ്ക് റോഡ് നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ അഷ്ടമുടിക്കായലിന്റെ ഭാഗത്ത് നടപ്പാതയുണ്ട്. മറുവശത്ത് നടപ്പാതയും നടുവിൽ ഡിവൈഡറും സഹിതമാകും ഒരു കിലോമീറ്റർ നീളമുള്ള റോഡിന്റെ നവീകരണം.
പദ്ധതിയുടെ വിശദ രൂപരേഖ ഉടൻ തയ്യാറാക്കും.തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പിൻവലിക്കുമ്പോൾ ടെണ്ടർ ചെയ്ത് നിർമ്മാണം ആരംഭിക്കാനാണ് ആലോചന.
നിർമ്മാണം 2010ൽ
2010ലാണ് അഷ്ടമുടിക്കായലിന്റെ തീരം നികത്തി ലിങ്ക് റോഡ് നിർമ്മിച്ചത്. 18 മീറ്ററാണ് വീതി. താലൂക്ക് കച്ചേരി ജംഗ്ഷനിലേക്ക് കയറുമ്പോൾ ഗതാഗതക്കുരുക്കിൽ പെടുന്നതിനാൽ ഇപ്പോൾ ഇതുവഴിയുള്ള യാത്ര കുറവാണ്.
ഗതാഗതപ്പെരുപ്പം കണക്കാക്കി വികസനം
ഓലയിൽക്കടവിലേക്ക് റോട്ട് നീട്ടുന്നതോടെ ലിങ്ക് റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം കൂടും. കായൽത്തീരമായതിനാൽ റോഡ് ഇടിയാൻ സാദ്ധ്യതയുണ്ട്. ഇതുകണക്കിലെടുത്താണ് വികസനം. റോഡ് ബലപ്പെടുത്തിയ ശേഷമാകും റീ ടാർ ചെയ്യുക. മണ്ണ് പരിശോധനയ്ക്ക് ശേഷമാകും ബലപ്പെടുത്തൽ രീതി നിശ്ചയിക്കുക.