arest-
അറസ്റ്റിലായ പ്രതികൾ

 അക്രമി സംഘത്തിലെ അഞ്ചുപേരും അറസ്റ്റിൽ

കൊല്ലം: ലഹരി ഉപയോഗത്തിനെതിരെ പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ യുവതിയെയും ഭർത്താവിനെയും വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച അഞ്ചംഗ സംഘത്തെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.

ആദിച്ചനല്ലൂർ ഇത്തിക്കര വളവിൽ വയലിൽ പുത്തൻ വീട്ടിൽ സുധി (18), ആദിച്ചനല്ലൂർ പ്ലാക്കാട് സുബിത ഭവനത്തിൽ സുബിൻ (27), ചിറക്കര തോട്ടിൻകര പുത്തൻ വീട്ടിൽ മനീഷ് (23), ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് ശിവൻനട പടിഞ്ഞാറ്റതിൽ ദീപ്തി നിവാസിൽ ദീപു (28), പ്ലാക്കാട് തൊടിയിൽ വീട്ടിൽ നിന്ന് കണ്ണനല്ലൂർ വടക്കേമുക്കിൽ അഹമ്മദ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷാഫി (21) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം നാലിന് വൈകിട്ട് 5.45ന് ആയിരുന്നു ആക്രമണം. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം യുവതിയുടെ ഭർത്താവിനെ അസഭ്യം പറഞ്ഞ് മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് യുവതിയെയും സഹോദരിയെയും ആക്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ് പ്രതികൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ കൊട്ടിയം എസ്.ഐ സുജിത് ജി. നായരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പ്രതികൾ സ്ഥിരമായി മദ്യം കഴിച്ചും ലഹരി ഉപയോഗിച്ചും പ്രദേശത്ത് അസ്വസ്ഥകൾ സൃഷ്ടിക്കുന്നതിനെതിരെ യുവതി മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.