കരുനാഗപ്പള്ളി: കുണ്ടും കുഴിയുമായ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും പുനരുദ്ധരിക്കാനുള്ള ജനപ്രതിനിധികളുടെ നീക്കത്തിന് ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരുടെ നിസഹകരണം തടസമാകുന്നു. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡുകൾ ടാർ ചെയ്യാനുള്ള ശ്രമവുമായി ജനപ്രതിനിധികൾ മുന്നോട്ട് വരുമ്പോൾ റോഡുകളുടെ എസ്റ്റിമേറ്ര് എടുക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവവും കെടുകാര്യസ്ഥതയും കാണിക്കുകയാണെന്നാണ് ആക്ഷേപം. എസ്റ്റിമേറ്ര് എടുക്കുന്നതിലെ അലംഭാവം മൂലം കരാറുകാർ ടെന്റർ നടപടികളിൽ നിന്ന് മാറി നിൽക്കുന്നതാണ് റോഡുകളുടെ വികസനം വഴിമുട്ടാൻ കാരണം. പ്രശ്നം രൂക്ഷമായതോടെ റോഡുകളുടെ റീ എസ്റ്റിമേറ്റിനുള്ള നടപടി ആരംഭിക്കാൻ ആർ. രാമചന്ദ്രൻ എം.എൽ.എ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
കരാറുകാർ പറയുന്നത്
റോഡുകളുടെ യഥാർത്ഥ സ്ഥിതി മനസിലാക്കിയിട്ടല്ല ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതെന്നാണ് കരാറുകാരുടെ ആക്ഷേപം. പലറോഡുകളുടെയും പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ റോഡിന്റെ പലഭാഗങ്ങളും ഉയർത്തേണ്ടി വരും. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓടകളും നിർമ്മിക്കണം. ഇക്കാര്യങ്ങൾ കണക്കിലെടുക്കാതെ ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാലാണ് ഉദ്ദേശിക്കുന്ന തുക ഉപയോഗിച്ച് റോഡിന്റെ നവീകരണം പൂർത്തിയാക്കാൻ കഴിയാതെ വരുന്നതെന്ന് കരാറുകാർ പറയുന്നു.
നവീകരണം വഴിമുട്ടിയ റോഡുകൾ
കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന താന്നിയ്ക്കൽ ജംഗ്ഷൻ - കോട്ടൂർ ജംഗ്ഷൻ റോഡ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ മഠത്തിൽമുക്ക് റോഡ്, കരുനാഗപ്പള്ളി നഗരസഭയിലെ ആശുപത്രി ജംഗ്ഷൻ - തഴത്തോട് റോഡ്, ക്ലാപ്പന പഞ്ചായത്തിന്റെ പരിധിയിലുള്ള മണ്ണൂത്തറമുക്ക് - മുരുകാലയം റോഡ് തുടങ്ങിയവയെല്ലാം എസ്റ്റിമേറ്റിലെ അപാകതകൾ മൂലം നവീകരിക്കാനാവാത്ത നിലയിലാണ്.
3 കോടി രൂപയുടെ പണി ത്രിശങ്കുവിൽ
കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ 2018 മുതൽ എസ്റ്റിമേറ്രിലെ അപാകതകൾ മൂലം പല പ്രധാന റോഡുകളിലും അറ്റകുറ്റപ്പണി നടത്താൻ കഴിഞ്ഞിട്ടില്ല. ഏകദേശം 3 കോടി രൂപയുടെ വർക്കുകൾ ചെയ്യാൻ കഴിയാത്ത സ്ഥതിയിലാണെന്ന് കരാറുകാർ പറയുന്നു. ബ്ലോക്ക് പഞ്ചായത്തിലെ പൊതുമരാമത്ത് വിഭാഗമാണ് റോഡുകളുടെ എസ്റ്റിമേറ്ര് തയ്യാറാക്കുന്നത്. റോഡിന്റെ ടെന്റർ നടപടി പൂർത്തിയാക്കുന്നത് ജില്ലാ പഞ്ചായത്താണ്. റോഡുകളുടെ നിർമ്മാണത്തിനാവശ്യമായ ഫണ്ട് എസ്റ്റിമേറ്രിൽ കുറവായതിനാൽ കരാറുകാർ ടെന്റർ നടപടി ബഹിഷ്കരിക്കുന്നത് പതിവ് സംഭവമാണ്.
ജനപ്രതിനിധികളുടെ വികസന ഫണ്ടിൽ നിന്ന് അനുവദിക്കുന്ന ഫണ്ട് പൊതു മരാമത്ത് വകുപ്പിനെ ഏല്പിക്കണം. ഇങ്ങന ചെയ്താൽ ഫണ്ട് കുറ്രമറ്റ രീതിയിൽ വിനിയോഗിക്കാൻ കഴിയും
സലിം ചക്കാലത്ത്, വൈസ് പ്രസിഡന്റ്, ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി