velamkanni
താലൂക്ക് കച്ചേരി ജംഗ്ഷന് സമീപം ചിന്നക്കടയിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് ഷെൽട്ടർ

കൊല്ലം: താലൂക്ക് കച്ചേരി ജംഗ്ഷനിൽ സ്ഥാപിച്ച ബസ് ഷെൽട്ടറിൽ സ്ഥലപ്പേര് മാറ്റിയെഴുതിയത് നിയമവിരുദ്ധം. ഒരു സ്ഥലത്തിന്റെ പേര് ഔദ്യോഗികമായി തീരുമാനിക്കുന്നതും നിലവിലുള്ള പേര് മാറ്റേണ്ടതും റവന്യു വകുപ്പാണ്. എന്നാൽ വില്ലേജ് ഓഫീസിന്റെ പോലും അനുവാദമില്ലാതെയാണ് താലൂക്ക് കച്ചേരി ജംഗ്ഷൻ ഒറ്റരാത്രിയിൽ വേളാങ്കണ്ണി പള്ളി ജംഗ്ഷനായി മാറ്റിയിരിക്കുന്നത്.

ജംഗ്ഷനിലെ കളക്ടറേറ്റ് ഭാഗത്തേക്കുള്ള ബസ് ഷെൽട്ടറിൽ ഇപ്പോഴും താലൂക്ക് കച്ചേരി എന്നാണ് എഴുതിയിരിക്കുന്നത്. കഷ്ടിച്ച് 100 മീറ്റർ പോലും അകലമില്ലാത്ത ചിന്നക്കടയിലെ ബസ് ഷെൽട്ടറിലാണ് പേര് മാറ്റിയെഴുതിയത്. എം. മുകേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബസ് ഷെൽട്ടർ നവീകരിച്ചത്.

 സ്ഥലപ്പേര് മാറ്റാൻ

 ഒരു സ്ഥലത്തിന്റെ പേര് മാറ്റണമെന്ന് പൊതുജനങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് ആദ്യം അപേക്ഷ നൽകണം

 തദ്ദേശ സ്ഥാപനം അപേക്ഷയുടെ അടിസ്ഥാനത്തിൽ മാറ്റിയിടേണ്ട പേര് സഹിതം പ്രമേയം പാസാക്കി റവന്യു വകുപ്പിന് കീഴിലുള്ള സ്ഥലനാമ അതോറിറ്റിക്ക് കൈമാറും

 സ്ഥലപ്പേര് മാറ്റവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അടക്കം അഭിപ്രായം കേട്ട ശേഷം സ്ഥലനാമ അതോറിറ്റി തീരുമാനമെടുക്കും

 പേര് മാറ്റുകയാണെങ്കിൽ അത് സർക്കാർ പ്രത്യേക വിജ്ഞാപനമായി പുറപ്പെടുവിക്കുകയും ചെയ്യും

'' താലൂക്ക് കച്ചേരി ജംഗ്ഷൻ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. കേരള സ്വതാന്ത്ര്യ സമര ചരിത്രത്തിലെ നിർണായക സ്ഥലമാണ് ഇവിടം. അതുകൊണ്ട് തന്നെ താലൂക്ക് കച്ചേരിയെന്ന പേര് മാറ്റുന്നത് സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കലാണ്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥലങ്ങളുടെ പേര് മാറ്റിയപ്പോൾ വലിയ ആക്ഷേപങ്ങൾ ഉന്നയിച്ചവരാണ് ഇവിടെ പേര് മാറ്റിയിരിക്കുന്നത്. ഇതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട്.''

പ്രണവ് താമരക്കുളം (യുവമോർച്ച മണ്ഡലം പ്രസിഡന്റ്)

'' താലൂക്ക് കച്ചേരിയുടെ പേര് മാറ്റുന്നത് ചരിത്രം മറക്കുന്നതിന് തുല്യമാണ്. പഴയ താലൂക്ക് ഓഫീസ് കെട്ടിടവും ആ പേരുമൊക്കെയാണ് പഴയ കസബ ജയിലിന്റെയടക്കം ചരിത്രം ഓർമ്മിപ്പിക്കുന്നത്. ബസ് ഷെൽട്ടറിൽ ഇപ്പോൾ പുതുതായി എഴുതിയ സ്ഥലപ്പേര് മാറ്റാൻ തയ്യാറാകണം.'' പ്രശാന്തൻ (ഓട്ടോ ഡ്രൈവർ) ''

താലൂക്ക് കച്ചേരിയുടെ പേരുമാറ്റിയത് എത്രയും വേഗം തിരുത്തണം. ബസ് സ്റ്റാൻഡിലെ പുതിയ പേര് കണ്ട് പലരും അന്ധാളിച്ച് നിൽക്കുകയാണ്. "

ഷൺമുഖൻ (വ്യാപാരി)