കൊല്ലം: ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ആർ. ശങ്കർ സ്മാരക പുരസ്കാരം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണന് സമ്മാനിച്ചു. നാല് പതിറ്റാണ്ടായി ഈഴവ, പിന്നാക്ക ജനവിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്നതും ഗുരുദേവ ദർശനങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്നതും പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
ആർ. ശങ്കർ ചരമവാർഷികത്തോടനുബന്ധിച്ച് സമിതിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന അനുസ്മരണത്തിൽ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അവാർഡ് സമ്മാനിച്ചു. പെരുമ്പടവം ശ്രീധരൻ, ചിറക്കര സലിംകുമാർ, കവി സന്തോഷ് പുന്നയ്ക്കൽ എന്നിവരുൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് എസ്. രാധാകൃഷ്ണനെ അവാർഡിന് തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് വക്കം മനോജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുൻ കേരളകൗമുദി ഏജന്റ് മീനമ്പലം സുധീർ, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.