pho
പുനലൂർ നഗരസഭ പ്രദേശത്തെ ചുവരേഴ്ത്ത് ആരംഭിച്ചപ്പോൾ

പുനലൂർ:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി തോട്ടം തൊഴിലാളികൾക്ക് മുൻ തൂക്കമുളള കിഴക്കൻ മലയോര മേഖലയിൽ ഇടത്, വലത് ,​ എൻ.ഡി.എ സ്ഥാനാർത്ഥി നിർണയ ചർച്ച അന്തിമഘട്ടത്തിൽ . ഓരോ മുന്നണികളിലെയും സ്ഥാനാർത്ഥി നിർണയം ഈ ആഴ്ച പൂർത്തിയാകാനാണ് സാദ്ധ്യത. പുനലൂർ നഗരസഭക്ക് പുറമെ സമീപത്തെ തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകളിലേക്കും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ചും സ്ഥാനാർത്ഥി നിർണയവും പുരോഗമിച്ചു വരുന്നു.ഇതിനിടെ പുനലൂർ നഗരസഭയിലേക്ക് മത്സരിക്കാൻ ഓരോ പാർട്ടികൾ തീരുമാനിച്ച സ്ഥാനാർത്ഥികളുടെ ചുവരെഴുത്തും തുടങ്ങി. ചിലരാകട്ടെ പ്രധാനപ്പെട്ട ആളുകളെ വീടുകളിൽ എത്തി നേരിൽ കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലാണ് എന്നാൽ ഇവരുടെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് മുന്നണികൾ ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ഇത് വരെ നടത്തിയിട്ടുമില്ല.

ഇടത് മുന്നണി

നഗരസഭയിൽ ഇടത് മുന്നണിയിലെ മുൻ കൗൺസിലർ ഡി.ദിനേശൻ -ഗ്രേസിംഗ് ബ്ലോക്ക്, ബിനോയ് രാജൻ -മണിയാർ, രഞ്ജിത്ത് -കോളേജ് , സീന ഷെമീർ -കാഞ്ഞിരമല,ജിജി.കെ.ബാബു -കലങ്ങുംമുകൾ , പുഷ്പ ലത -ഐക്കരക്കോണം, എസ്.എൻ.ഡി.പിയോഗം വിളക്കുവെട്ടം ശാഖാ സെക്രട്ടറി എസ്.കുമാർ -ചെമ്മന്തൂർ, നിമ്മി എബ്രഹാം -ടൗൺ, ശ്രീജ പ്രസാദ്- ശാസ്തേംകോണം വാർഡുകളിലും മത്സരിക്കാനാണ് സാദ്ധ്യത.

യു.ഡി.എഫ്

യു.ഡി.എഫിലെ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ- നേതാജി, ഉപനേതാവ് ജി.ജയപ്രകാശ് -കലുങ്ങുംമുകൾ, എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ കൗൺസിലർ എൻ.സുന്ദരേശൻ- താമരപ്പള്ളി, സഞ്ജു ബുഖാരി -എച്ച്.എസ്,ഇന്ദിര ബായി- പവർ‌ ഹൗസ്, ബുഷറ ഷമീർ -ടൗൺ, അനുജ.എസ്.നായർ -ആരംപുന്ന വാർഡുകളിലും മത്സരിച്ചേക്കും.

എൻ.ഡി.എ

എൻ.ഡി.എസ്ഥാനാർത്ഥിയും വനിത സംഘം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ഷീല മധുസൂദനൻ ഐക്കരക്കോണത്തും ബി.ഡി.ജെ.എസിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ കലയനാട് ശാഖ പ്രസിഡന്റുമായ ഗീത തുളസീ കലയനാട് വാർഡിലും സ്ഥാനാർത്ഥിയാകും.

തീരുമാനമായില്ല

എന്നാൽ ഇടത് മുന്നണിയിലെ മുൻ നഗരസഭ ചെയർമാൻമാരായ എം.എ.രാജഗോപാൽ, കെ.രാജശേഖരൻ, കെ.ലത്തീഫ് തുടങ്ങിയവർ മത്സരിക്കുന്ന വാർഡുകളെ സംബന്ധിച്ച് തീരുമാനമായില്ല.ഇത് കൂടാതെ സമീപത്തെ ജില്ലാ പഞ്ചായത്ത് കരവാളൂർ ഡിവിഷനിൽ ഇടത് മുന്നണിയിലെ സി.പി.എം.പുനലൂർ ഏരിയ കമ്മിറ്റി അംഗമായ ഡോ.കെ.ഷാജി സ്ഥാനാർത്ഥിയാകും. എന്നാൽ ഇടത് മുന്നണിയിലെ സി.പി.ഐയുടെ കുളത്തൂപ്പുഴ ഡിവിഷനിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചുളള ചർച്ച തുടരുകയാണ്.അഞ്ചൽ ബ്ലോക്ക് പഞ്ചയാത്തിലെ ഇടമൺ ഡിവിഷനിൽ ഇടത് മുന്നണിയിലെ സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായ എൻ.കോമളകുമാറിന്റെ പേരിനാണ് പരിഗണന. ഏതായാലും ചൂടേറിയ ചർച്ചകൾ നടക്കുമ്പോൾ സ്ഥാനാർത്ഥികളുടെ ചിത്രം വച്ചുളള പോസ്റ്റർ അടിയും ചുവരേഴുത്തും തകൃതിയായി നടക്കുന്നുണ്ട്..