bus

 തലസ്ഥാന സർവീസുകൾ വെട്ടിനിരത്തി

കൊല്ലം: കെ.എസ്.ആർ.ടി.സി ഇന്നലെ മുതൽ നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്കാരം തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാരെ പെരുവഴിയിലാക്കി. ഷെഡ്യൂൾ പരിഷ്കാരത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി, കൊല്ലം, ചാത്തന്നൂർ ഡിപ്പോകളിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 13 ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ റദ്ദാക്കി. ഇവയെല്ലാം ചീഫ് ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ആലപ്പുഴ ഭാഗത്തേക്ക് ഓടി വരുമാനത്തിൽ ഭീമമായ നഷ്ടമാണ് ഒറ്റ ദിവസം കൊണ്ട് സംഭവിച്ചത്.

കൊല്ലം ഡിപ്പോയിൽ ഒൻപത് സ്ഥിരം സർവീസുകളും മൂന്ന് അഡീഷണൽ സർവീസുകളുമാണ് തിരുവനന്തപുരത്തേക്ക് ഉണ്ടായിരുന്നത്. ചീഫ് ഓഫീസിൽ നിന്ന് ഞായറാഴ്ച രാവിലെ എത്തിയ പുതിയ ഷെഡ്യൂൾ പ്രകാരം ഇത് എട്ടായി ചുരുക്കി. രാവിലെ 5.15ന് കൊല്ലത്ത് നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള ഫാസ്റ്റിന്റെ സമയം 5.40 ആക്കി. മെഡിക്കൽ കോളേജിന് പുറമേ കണ്ണാശുപത്രി, ആർ.സി.സി എന്നിവിടങ്ങളിലേക്കുള്ള രോഗികളടക്കം സ്ഥിരമായി ആശ്രയിച്ചിരുന്ന സർവീസാണിത്. കൊവിഡ് കാരണം യാത്രക്കാരെ ഇരുത്തി മാത്രമാണ് സർവീസ്. എന്നിട്ടും ഈ ബസിന് 20,​000 രൂപയ്ക്ക് മുകളിൽ ശരാശരി വരുമാനമുണ്ടായിരുന്നു. 5.40 ആക്കിയതോടെ ഈ സർവീസ് യാത്രക്കാർക്ക് പ്രയോജനമില്ലാതായി. തിരുവനന്തപുരത്തേക്കുള്ള നോൺ സ്റ്റോപ്പ് ഫാസ്റ്റും റദ്ദാക്കി. കൊട്ടിയത്തും കഴക്കൂട്ടത്തും നിറുത്തുന്ന ഈ സർവീസ് സർക്കാർ ജീവനക്കാർക്ക് ഏറെ സഹായകരമായിരുന്നു.

 പിന്നിൽ ടൈംടേബിൾ സെൽ

ചീഫ് ഓഫീസില ടൈം ടേബിൽ സെല്ലാണ് പുതിയ ഷെഡ്യൂൾ പരിഷ്കാരത്തിന് പിന്നിൽ. ഇപ്പോൾ ടൈം ടേബിൾ സെല്ലിലുള്ള ഭൂരിഭാഗം പേരും സർവീസ് ഓപ്പറേഷനുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. ഇതാണ് യാത്രക്കാരെ പെഴുവഴിയിലാക്കുന്നതിനൊപ്പം വരുമാനവും ഇടിക്കുന്ന ഇത്തരമൊരു പരിഷ്കാരത്തിന് കാരണം.

കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ ഓരോ മേഖലയിലും അതാതിടങ്ങളിലെ ഡിപ്പോകൾ മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് നിർദ്ദേശിച്ചിരുന്നു. അനാവശ്യ സർവീസുകൾ ഒഴിവാക്കാനായിരുന്നു ഈ നിർദ്ദേശം. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ബസുകൾ ഇല്ലാതാകുമ്പോൾ യാത്രക്കാരുടെ എണ്ണം കണക്കാക്കി ബസുകൾ കുറയ്ക്കാനും കൂട്ടാനും കഴിയും. ഈ നിർദ്ദേശമാണ് ടൈം ടേബിൾ സെൽ വികലമായി നടപ്പാക്കിയത്.

 ആലപ്പുഴയിലേക്ക് കാലിയോട്ടം

1. ചാത്തന്നൂരിൽ നിന്ന് ആറ് ഫാസ്റ്റുകളാണ് തിരുവനന്തപുരത്തേക്ക് ഉള്ളത്. ഇത് പൂർണമായും ആലപ്പുഴയിലേക്ക് മാറ്റി

2. കരുനാഗപ്പള്ളിയിൽ നിന്നുള്ള മൂന്ന് ഫാസ്റ്റും ആലപ്പുഴയിലേക്ക് വഴിതിരിച്ചു

3. ബസുകൾ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് പോയതോടെ ഡിപ്പോകളിലും സ്റ്റോപ്പുകളിലും തിരുവനന്തപുരത്തേക്കുള്ള യാത്രാക്കാർ തിങ്ങിക്കൂടി

4. കൊല്ലം ഡിപ്പോയിൽ നിന്ന് അഡീഷണൽ സർവീസ് നടത്തിയാണ് പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചത്

5. മൂന്ന് ഡിപ്പോകളിൽ നിന്നും ആലപ്പുഴയിലേക്ക് പുതുതായി പോയ സർവീസുകൾ ഭൂരിഭാഗം സമയവും കാലിയായാണ് ഓടിയത്

''

ഇന്നലെ രാവിലെ ബസ് കാത്തുനിന്ന് വലഞ്ഞു. കൊല്ലത്ത് നിന്ന് വന്ന ബസുകളെല്ലാം സീറ്റ് നിറഞ്ഞാണ് എത്തിയത്. സീറ്റ് ഒഴിവില്ലാത്തതിനാൽ പല ബസുകളും നിറുത്തിയില്ല. പിന്നീടാണ് സർവീസുകൾ വെട്ടിച്ചുരുക്കിയ വിവരം അറിഞ്ഞത്. യാത്രക്കാരെ പെരുവഴിയിലാക്കുന്ന സമീപനം കെ.എസ്.ആർ.ടി.സി തിരുത്തണം.

അനിൽകുമാർ, കൊട്ടിയം