കൊല്ലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ റാങ്കിംഗ് പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ നാല് ശാസ്ത്രജ്ഞരും. കൊല്ലം അമൃതപുരി കാമ്പസിലെ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്‌സ് ആൻഡ് ആപ്ലിക്കേഷൻസ് ഡയറക്ടർ ഡോ. മനീഷ രമേശ്, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗത്തിലെ ഡോ. ശാന്തി നായർ, ഡോ. ആർ. ജയകുമാർ, കോയമ്പത്തൂർ അമൃത സ്‌കൂൾ ഒഫ് എൻജിനിയറിംഗിലെ ഡോ. മാധവ് ദത്ത എന്നിവരാണ് പബ്ളിക് ലൈബ്രറി ഒഫ് സയൻസ് (പി.എൽ.ഒ.എസ്) ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടംനേടിയത്.
ഡോ. മനീഷ രമേശ് നെറ്റ്‌വർക്കിംഗ്, ടെലി കമ്മ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇമേജ് പ്രോസസിംഗ് എന്നീ മേഖലകളിലെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായാണ് അംഗീകരിക്കപ്പെട്ടത്. ഡോ. ശാന്തി നായർ, ഡോ. ആർ. ജയകുമാർ എന്നിവരെ പോളിമേഴ്‌സ്, നാനോ സയൻസ്, നാനോ ടെക്‌നോളജി എന്നീ മേഖലകളിലെ ഗവേഷണ ഗുണനിലവാരം കണക്കിലെടുത്താണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. എനർജി വിഭാഗത്തിലെ മികച്ച ശാസ്ത്രജ്ഞനായാണ് ഡോ. മാധവ് ദത്ത തിരഞ്ഞെടുക്കപ്പെട്ടത്.
രാജ്യാന്തര പബ്ലിഷിംഗ് - അനലിറ്റിക്‌സ് സ്ഥാപനമായ എൽസെവിയറിന്റെ സ്‌കോപ്പസ് ഡാറ്റാബേസ് ഉപയോഗിച്ച് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരാണ് ശാസ്ത്രജ്ഞരുടെ ആഗോള പഠനം നടത്തിയത്. എച്ച് - ഇൻഡെക്‌സ്, കോ - ഓതർ, കോമ്പോസിറ്റ് ഇൻഡിക്കേറ്റർ തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിലുള്ള ലോകത്തെ ഒരു ലക്ഷത്തിലധികം ശാസ്ത്രജ്ഞരിൽ നിന്നാണ് രണ്ട് ശതമാനം പേരെ തിരഞ്ഞെടുത്തത്.