കൊല്ലം: പോരുവഴിയിൽ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറും ബൈക്കും കത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. കഴിഞ്ഞ 6ന് പുലർച്ചെ 3.40ന് പോരുവഴി വടക്കേമുറിയിൽ അനിൽ കുമാറിന്റെ (40) വീടിന്റെ പോർച്ചിലിരുന്ന സ്കൂട്ടറും ബൈക്കുമാണ് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോരുവഴി വടക്കേമുറി പുത്തലത്തിൽ രാജേന്ദ്രനാണ് (46) അറസ്റ്റിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ ശൂരനാട് പൊലീസ് കേസെടുക്കുകയും സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സമീപപ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രദേശവാസികളിൽ നിന്ന് വിവരശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ പിടികൂടിയത്. ശൂരനാട് പൊലീസ് സ്റ്റേഷനിലെ സി.ഐ എ. ഫിറോസ്, എസ്.ഐ പി. ശ്രീജിത്ത്, എസ്.ഐ ചന്ദ്രമോൻ, പ്രൊബേഷൻ എസ്.ഐ വിപിൻ, എ.എസ്.ഐ ഹർഷാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇദ്ദേഹത്തെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
വാഹനങ്ങൾ അഗ്നിക്കിരയാക്കിയത് അന്ധവിശ്വാസത്തിന്റെ പേരിൽ
പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പലരും പ്രശ്നങ്ങൾ മാറാനായി ഇദ്ദേഹത്തെ സമീപിച്ചിരുന്നു. പ്രതിയുടെ കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ടതല്ല. കുടുംബം മെച്ചപ്പെടാത്തതിന്റെ കാരണം അനിൽ കുമാറാണെന്നും വാഹനം കത്തിച്ചാൽ കുടുംബത്തിൽ ഐശ്വര്യമുണ്ടാവുമെന്നുമുള്ള അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റകൃത്യത്തിലേർപ്പെട്ടത്. ചരുവള്ളിയിലെ പെട്രോൾ പമ്പിൽ നിന്ന് 5 ലിറ്റർ പെട്രോൾ വാങ്ങി കഴിഞ്ഞ ആറിന് പുലർച്ചെ 3.40നാണ് വാഹനം കത്തിച്ചത്. സംഭവത്തിനുശേഷം പ്രതി 5 ലിറ്ററിന്റെ കന്നാസും കവറും കനാലിൽ ഉപേക്ഷിച്ച ശേഷം സ്ഥലത്തുനിന്ന് ഒളിവിൽ പോവുകയായിരുന്നു.