കൊല്ലം: അച്ഛനും അമ്മയും ഉണ്ടായിട്ടും അനാഥ മന്ദിരത്തിൽ കഴിയേണ്ടി വന്നവരാണ് ആദിത്യനും അഭിജിത്തും. ഇവരുടെ അച്ഛനുൾപ്പെടെ മൂന്ന് ആൺമക്കളും ഭർത്താവും ജീവിച്ചിരിക്കെ അഗതി മന്ദിരത്തിൽ അഭയം തേടേണ്ടിവന്നു അമ്മൂമ്മ സരസ്വതിക്കും. പക്ഷേ, താൻ ജീവിച്ചിരിക്കെ ചെറുമക്കൾ അനാഥരാകുന്നത് സരസ്വതിക്ക് താങ്ങാനായില്ല. ഇരുവരെയും നെഞ്ചോട് ചേർത്തുപിടിച്ചു സരസ്വതി അഗതിമന്ദിരത്തിന്റെ പടിയിറങ്ങി. കഴിഞ്ഞ ഏഴ് വർഷമായി ആദിത്യനെയും അഭിജിത്തിനെയും ചേർത്തുനിറുത്തി സരസ്വതി ഓരോ പ്രതിസന്ധികളെയും മറികടക്കുന്നു. ശാസ്‌താംകോട്ട റെയിൽവേ സ്റ്റേഷനു സമീപത്തെ വാടക ഷെഡിലാണ് താമസം. ആദിത്യൻ പത്തിലും അഭിജിത്ത് ഏഴിലും പഠിക്കുന്നു.
ആദിത്യൻ ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് മാനസിക അസ്വസ്ഥതകളുണ്ടായി. കുഞ്ഞിന്റെയും അമ്മൂമ്മയുടെയും സംരക്ഷണം തിരുവനന്തപുരത്തെ സ്വകാര്യ അഗതി മന്ദിരം ഏറ്റെടുത്തു. രണ്ടു കൊല്ലം കഴിഞ്ഞപ്പോഴാണ് ആദിത്യന്റെ അമ്മ അഭിജിത്തിന് ജന്മം നൽകിയത്. കുഞ്ഞിനെ കാണാൻ വല്ലപ്പോഴും ആദിത്യനെയും കൂട്ടി സരസ്വതി കായംകുളത്തെ വീട്ടിൽ എത്തിയിരുന്നു. ഇത്തരമൊരു യാത്രയിലാണ് അഭിജിത്തിനെയും അമ്മയെയും അനാഥമന്ദിരങ്ങളിലേക്കു മാറ്റിയതറിഞ്ഞത്. തിരുവനന്തപുരത്തെ സ്വകാര്യ ഓർഫണേജിൽ നിന്ന് അഭിജിത്തിനെ വീണ്ടെടുത്തു. അഗതി മന്ദിരത്തിൽ മടങ്ങിയെത്തിയപ്പോൾ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണ കേന്ദ്രമായ അവിടെ രണ്ട് ആൺകുട്ടികളുമായി തങ്ങുന്നതിലെ ബുദ്ധിമുട്ട് അധികൃതർ അറിയിച്ചു. ഇതോടെയാണ് കുട്ടികളുമായി നാട്ടിലേക്ക് മടങ്ങിയത്. കുട്ടികളുടെ അമ്മയും അച്ഛനും എവിടെയെന്നറിയില്ല. കിടപ്പാടവും ഇല്ലായിരുന്നു.
ഒറ്റമുറി ഷെഡിലെ ജീവിതം
നാട്ടിലെത്തിശേഷം പലയിടങ്ങളിലായിരുന്നു താമസം. കശുഅണ്ടി ഫാക്ടറി തൊഴിലാളിയായും തൊഴിലുറപ്പ് ജോലി ചെയ്തും സരസ്വതി കൊച്ചുമക്കളെ പോറ്റി. കൊവിഡിൽ തൊഴിൽ നിലച്ചതോടെ താമസിക്കുന്ന ഷെഡിന്റെ വാടക കൊടുക്കാനും കഴിയാതായി. മഴ പെയ്താൽ ഷെഡിൽ വെള്ളം കയറും. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നെങ്കിലും നടപടികളൊന്നുമായില്ല.
കുട്ടികളുടെ ഓൺലൈൻ പഠനത്തിന് നാട്ടിലെ സുമനസുകൾ ടി.വി വാങ്ങിനൽകി. ചില അദ്ധ്യാപകരും സഹായിക്കുന്നുണ്ട്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് പഠനത്തിനായി പ്രതിമാസം 2,000 രൂപ വീതം ലഭിച്ചിരുന്നു. അതു നിലച്ചിട്ട് രണ്ട് വർഷമായി. സരസ്വതിയുടെ പേരിൽ ശാസ്താംകോട്ട ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ 6739430226. ഐ.എഫ്.എസ്.സി കോഡ് ഐ.ഡി.ഐ.ബി 000എസ് 011. ഫോൺ: 7025435412.