കൊല്ലം: ഇത്തവണ പോസ്റ്റൽ വോട്ടുകളുടെ എണ്ണം കുത്തനെ ഉയരുമെന്നതിനാൽ ജയപരാജയങ്ങളിൽ അതിനിർണായകമാകും ഇത്തരം വോട്ടുകൾ. മുൻപ് തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു പോസ്റ്റൽ വോട്ടിന് അവസരം. എന്നാൽ ഇത്തവണ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി.
വോട്ടെടുപ്പിന് മൂന്ന് ദിവസം മുൻപ് വരെ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാമെന്നാണ് നിർദേശം. പക്ഷേ നിശ്ചിത സമയ പരിധിക്ക് ശേഷം രോഗം സ്ഥിരീകരിക്കുന്നവർ, സമ്പർക്കത്തിൽ വന്ന് നിരീക്ഷണത്തിൽ പോകേണ്ടി വരുന്നവർ തുടങ്ങിയവർ എങ്ങനെ വോട്ട് രേഖപ്പെടുത്തും എന്ന കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. ആരോഗ്യവകുപ്പിന്റെ കൂടി നിർദേശങ്ങൾ പരിഗണിച്ചാകും അക്കാര്യത്തിൽ തീരുമാനം. രോഗികൾ തയ്യാറെങ്കിൽ പി.പി.ഇ കിറ്റ് ധരിച്ച് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നത് ഉൾപ്പെടെ പരിഗണിക്കുമെന്നാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്.
ശരാശരി ആയിരം വോട്ടർമാരുള്ള പഞ്ചായത്ത് വാർഡിൽ ഫലത്തെ സ്വാധീനിക്കാൻ കഴിയുന്നത്ര എണ്ണം പോസ്റ്റൽ വോട്ടുകൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കക്ഷികളുടെ അനുമാനം.
നിരീക്ഷണത്തിന് പ്രത്യേക സംഘം
പോസ്റ്റൽ വോട്ടുകൾ സ്വന്തമാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കൊല്ലത്ത് പറഞ്ഞത്. യു.ഡി.എഫ് മാത്രമല്ല ബി.ജെ.പി, എൽ.ഡി.എഫ് കക്ഷികളും സമാനരാതിയിൽ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. പരമാവധി പോസ്റ്റൽ ബാലറ്റുകൾ നേരിട്ട് വാങ്ങി പോളിംഗ് സ്റ്രേഷനിലെത്തിക്കണമെന്നാണ് നിർദേശം.