ഓൺലൈനിൽ പ്രത്യക്ഷപ്പെടുക ദേശീയ നേതാക്കൾ
കൊല്ലം: വീടിന് മുന്നിലൂടെ നാട്ടിടവഴി അവസാനിക്കുന്ന കവലയിൽ രാഷ്ട്രീയം പറയാൻ ദേശീയ നേതാക്കളെത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം മുതൽ ആഗോളവത്കരണം വരെ അക്കമിട്ട് നിരത്തുന്ന പ്രാദേശിക നേതാക്കൾ പ്രസംഗിക്കുന്ന അതേ വേദിയിൽ ഇനി ദേശീയ നേതാക്കളുമെത്തും.
ഡൽഹിയിൽ നിന്നും ബംഗാളിൽ നിന്നും മലപ്പുറത്ത് നിന്നും ഒരേ സമയം കവലയിലെ സ്ക്രീനിൽ ഓൺലൈൻ പ്ളാറ്റ് ഫോമിൽ നേതാക്കളെത്തും. മലപ്പുറത്ത് നിന്ന് സ്വാഗത പ്രാസംഗികനും ഡൽഹിയിൽ നിന്ന് അദ്ധ്യക്ഷനുമെത്തുമ്പോൾ തിരുവനന്തപുരത്തായിരിക്കും ചിലപ്പോൾ ഉദ്ഘാടകൻ. വാർഡ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പോലും ദേശീയ നേതാക്കൾക്ക് വോട്ട് തേടാൻ ഇതോടെ അവസരം ലഭിക്കും. തിരഞ്ഞെടുപ്പ് പ്രചരണം പൂർണമായും നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതകളിലേക്ക് വഴി മാറുകയാണ്. കൂടെ പ്രവർത്തിക്കാൻ ഒരാൾ പോലുമില്ലെങ്കിലും പ്രചാരണത്തിൽ മുന്നിലെത്താൻ കഴിയുമെന്നതാണ് നിലവിലെ സാഹചര്യം നൽകുന്ന പ്രത്യേകത.
വരുന്നത് വെർച്വൽ റാലികൾ
കൊട്ടും കുരവയും വാദ്യമേളങ്ങളും അടങ്ങുന്ന പഴയ തിരഞ്ഞെടുപ്പ് റാലികൾ കൊവിഡ് കഴിയും വരെ ഓർമ്മ മാത്രമാണ്. ഇനി വെർച്വൽ റാലികളുടെ കാലം. നേതാക്കൾ എവിടെയെങ്കിലുമിരുന്ന് പ്രസംഗിക്കും. അണികളും പ്രവർത്തകരും അനുഭാവികളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രസംഗം കേട്ട് റാലിയുടെ ഭാഗമാകും.
പഴയ തന്ത്രങ്ങളും പയറ്റണം
നവമാദ്ധ്യമങ്ങളിലേക്ക് പ്രചാരണം ചുവട് മാറുമ്പോഴും പരമ്പരാഗത പ്രചരണ ശൈലിയായ ചുവരെഴുത്ത്, പോസ്റ്റർ, അനൗൺസ്‌മെന്റ്, ഹോം സ്ക്വാഡ് എന്നിവയൊന്നും മാറ്റിവയ്ക്കാനാകില്ല. കാരണം , ജനങ്ങളുടെ ബുദ്ധിമുട്ട് അറിയണമെങ്കിൽ നെരിട്ടെത്തണം. വീട്ടിലെത്തി വോട്ട് ചോദിക്കുന്നവരോട് വോട്ടർമാർക്കുള്ള സ്നേഹവും ചെറുതല്ല. എല്ലാ വോട്ടർമാരും ഡിജിറ്റലാകാത്തിടത്തോളം പ്രചാരണത്തിൽ അൽപ്പം തന്ത്രങ്ങളും പിന്തുടർന്നേ മതിയാകൂ.
പ്രചാരണ രീതികൾ
1. വിവിധ തുകയ്‌ക്ക് പ്രചാരണം ഏറ്റെടുക്കാൻ ഇവന്റ് ഗ്രൂപ്പുകൾ
2. ഇത്തരം തന്ത്രങ്ങൾ മറികടക്കാൻ തയ്യാറെടുപ്പോടെ പ്രാദേശിക നേതാക്കൾ
3. എല്ലായിടത്തും തിരഞ്ഞെടുപ്പ് ആവേശം പ്രകടമായി
4. പ്രിന്റിംഗ് പ്രസുകൾ ആളൊഴിഞ്ഞ നേരമില്ലെന്ന തരത്തിലേക്ക് മാറുന്നു
5. യുവത്വത്തെ ആകർഷിക്കാൻ സോഷ്യൽ മീഡിയ പ്രചരണം
6. ഡിജിറ്റലായതും അല്ലാത്തതുമായ വോട്ടർമാരെ ഒരുപോലെ കോർത്തിണക്കുന്നു
''
നവമാദ്ധ്യമങ്ങൾക്ക് നൽകുന്ന അതേ പ്രധാന്യം ഹോം സ്ക്വാഡിനും മറ്റ് പ്രചാരണങ്ങൾക്കും നൽകുന്നുണ്ട്. രണ്ട് തരത്തിലുള്ള പ്രചാരണങ്ങളും നിലവിൽ അനിവാര്യമാണ്.
ബൂത്ത് കമ്മിറ്റി ഭാരവാഹികൾ