കൊട്ടിയം: മനോനില തെറ്റിയലഞ്ഞ ഭൂതകാലത്തിന് വിടചൊല്ലി രാഹുൽ പിതാവിനൊടൊപ്പം നാട്ടിലേക്ക് മടങ്ങി. ഉറ്റവരെ മറന്ന് അലഞ്ഞുതിരിഞ്ഞ് നടന്ന തനിക്ക് തണലേകിയ മയ്യനാട് എസ്.എസ് സമിതി അധികൃതരോടും മയ്യനാട്ടുകാരോടും മനംനിറഞ്ഞ് നന്ദി പറഞ്ഞാണ് ഇരുപത്തിയഞ്ചുകാരനായ യുവാവ് നാട്ടിലേക്ക് യാത്രയായത്.
ലോക്ക്ഡൗൺ കാലത്താണ് മയ്യനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മനോനില തെറ്റിയ നിലയിൽ അലഞ്ഞുതിരിഞ്ഞ് നടന്ന യുവാവിനെ പഞ്ചായത്ത് അധികൃതർ കണ്ടെത്തിയത്. പുല്ലിച്ചിറ വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവിനെ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിച്ചപ്പോൾ അധികൃതർ മയ്യനാട് എസ്.എസ് സമിതി അഭയ കേന്ദ്രത്തിലെത്തിച്ചു. സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറുടെ നേതൃത്വത്തിൽ ചികിത്സയും പരിചരണവും നൽകി.
ഇതിനിടെ ഡോ. സൈജു ഹമീദിന്റെ നേതൃത്വത്തിൽ സമിതിയിൽ നടന്ന സൈക്യാട്രി ക്യാമ്പിലെ ചികിത്സയിലൂടെ മാനസികാരോഗ്യം വീണ്ടെടുത്ത രാഹുൽ എസ്.എസ് സമിതിയിലെ മാത്യു വാഴക്കുളത്തിനോട് നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആസ്പയറിംഗ് ലൈവ്സ് മാനേജിംഗ് ട്രസ്റ്റി മനീഷാണ് മദ്ധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള പുരിയ ഗ്രാമത്തിലെ യുവാവിന്റെ വീട്ടിലെത്തി വിവരം കൈമാറിയത്.
ഒരു വർഷം മുമ്പ് കാണാതായ മകൻ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതോടെ കർഷകനായ പിതാവ് ഉമ്രവും അമ്മാവനായ ഗണേഷുമായി എസ്.എസ് സമിതിയിൽ എത്തി. ഉറ്റവരെ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷത്തിൽ നിറകണ്ണുകളോടെയാണ് എല്ലാവരോടും യാത്രചൊല്ലി രാഹുൽ മടങ്ങിയത്.