പുനലൂർ: സ്കൂട്ടർ അപകടത്തിൽ മരിച്ച കോളേജ് വിദ്യാർത്ഥിനിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. പുനലൂർ എസ്.എൻ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ വാളക്കോട് പനവണ്ണറ സ്നേഹ ഭവനിൽ സ്നേഹ (19)യാണ് മാതാവ് സുജയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ടോറസ് ലോറിയിടിച്ച് മരിച്ചത്.ശനിയാഴ്ച ഉച്ചക്ക് 12ന് പുനലൂർ തൂക്ക് പാലത്തിനോട് ചേർന്ന വലിയ പാലത്തിൽ വച്ചായിരുന്നു അപകടം .സംഭവ സ്ഥലത്ത് വച്ച് മരിച്ച സ്നേഹയുടെ മൃതദേഹം പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് ഇന്നലെ രാവിലെ വിദേശത്ത് നിന്നെത്തിയ പിതാവ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് കൊവിഡ് നിയന്ത്രണങ്ങളോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി വാളക്കോട്ടെ പനവണ്ണറയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു.തുടർന്ന് മാതാവിന്റെ ജന്മനാടായ വട്ടപ്പടയിലെ മുറിയന്തലയിലെ കുടുംബ വീട്ടിൽ 11.30 ഓടെ സംസ്കരിച്ചു. മന്ത്രി കെ .രാജു, മുൻ എം. എൽ.എ പി.എസ്.സു പാൽ, നഗരസഭ ചെയർമാൻ കെ .എ. ലത്തീഫ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.