troll

കൊല്ലം: നാട്ടിലെ ട്രോളർമാർ 'പച്ചയും കത്തിയും കരിയു'മായി കമന്റ് ബോക്സിൽ നിറയുകയാണ് എതിരാളിയുടെ വോട്ട് മറിക്കാൻ. പല തവണ സംരക്ഷണ ഭിത്തി കെട്ടി മെലിഞ്ഞില്ലാതായ പഞ്ചായത്ത് കുളം, നടന്നുപോലും പോകാൻ കഴിയാത്ത ഇടറോഡുകൾ, ചേടിയും ചേറും നിറഞ്ഞ മലിനജലം കുടിവെള്ളമെന്ന പേരിൽ പൈപ്പുകളിലൂടെ എത്തിക്കുന്ന കുടിവെള്ള പദ്ധതികൾ തുടങ്ങി കണ്ണിൽ കണ്ടതിനെയെല്ലാം ട്രോളി ട്രോളി ജനശ്രദ്ധ ആകർഷിക്കുകയാണ് ട്രോളർമാർ. സമാനരീതിയിൽ വികസന പ്രവർത്തനങ്ങളും ട്രോളിലൂടെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കും. നോട്ടീസ് വായിക്കുന്നതിനേക്കാളും വീഡിയോ കാണുന്നതിനേക്കാളും ആഴത്തിൽ മനസിൽ പതിയാൻ ട്രോളുകൾക്ക് കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന പുത്തൻ തലമുറയുടെ നിലപാട്.

 ഹാസ്യമുനയിൽ നേതാക്കൾ

പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മുഖ്യാധാര നേതാക്കളെയുമൊക്കെ മാത്രമേ ആക്ഷേപഹാസ്യത്തിലൂടെ വിമ‌ർശിക്കാൻ കഴിയൂ എന്ന പഴഞ്ചൻ ധാരണ പൊളിച്ചെഴുതുകയാണ് നിലവിലെ ട്രോളുകൾ. വേദിക്ക് മുന്നിൽ കണ്ണിൽ കാണുന്നതെല്ലാം വിമർ‌ശിക്കുന്ന ഓട്ടൻതുള്ളൽ കലാകാരനെ പോലെ ട്രോളുകൾക്ക് ഹാസ്യത്തിന്റെ മേമ്പൊടിയുമുണ്ട്. ബ്രാഞ്ച് സെക്രട്ടറി, ബൂത്ത് പ്രസിഡന്റ്, ലോക്കൽ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ, പ്രസിഡന്റ് തുടങ്ങി പ്രാദേശിക നേതാക്കളെല്ലാം വിമർശനങ്ങളുടെ ഹാസ്യ മുനയറിയും.

 സോഷ്യൽ മീഡിയ സംഘത്തിൽ ട്രോളർമാരും

എതിരാളികളെ പ്രചാരണ രംഗത്ത് നിഷ്പ്രഭമാക്കാൻ രൂപീകരിച്ച സോഷ്യൽ മീഡിയ സംഘത്തിൽ നല്ല കിടിലൻ ട്രോളർമാരുമുണ്ട്. ആക്ഷേപഹാസ്യത്തിന്റെ അതിർവരുമ്പുകൾ ഭേദിക്കാതെ അവർ ട്രോളുകളിലൂടെ രാഷ്ട്രീയം പറയും, വോട്ട് തേടും. നിശ്ചിത തുക ഈടാക്കി ട്രോളുകൾ തയ്യാറാക്കി നൽകുന്ന ഇവന്റ് സംഘങ്ങളും സജീവമാണ്. പക്ഷേ ട്രോളുകളുടെ മറവിൽ വ്യക്തിപരമായി അപമാനിക്കുന്ന പോസ്റ്റുകൾ വന്നാൽ സൈബർ‌ നിയമങ്ങളും കാത്തിരിപ്പുണ്ടെന്ന് ഓർക്കണം.

 പ്രചാരണം ഓൺലൈൻ

1. ട്രോളുകൾക്ക് പ്രചാരം കൂടുന്നു

2. ട്രോൾ ഗ്രൂപ്പുകളിൽ അംഗമല്ലാത്തവർ ചുരുക്കം

3. കല്യാണത്തിനും പിറന്നാളിനും ട്രോളിലൂടെ കളിയാക്കുന്നവർ ധാരാളം

4. ട്രോളുകളിലൂടെ ആശയങ്ങൾ വേഗത്തിൽ പതിയും

5. തമാശയ്ക്ക് മാത്രമല്ല, രാഷ്ട്രീയം പറയാനും ട്രോളുകൾ
6. തദ്ദേശ തിരഞ്ഞെടുപ്പിൽ കൈയടി നേടും

''

വികസന വിഷയങ്ങൾ ചർച്ചയാക്കുന്നതിനൊപ്പം വികസനമില്ലായ്മയും എടുത്തുകാട്ടാം, ഇവിടാകെ സീനാണെന്ന് ഫ്രീക്കൻമാരോട് ചുരുക്കത്തിൽ പറഞ്ഞുവയ്ക്കാം.

സോഷ്യൽ മീഡിയ ട്രോൾ വിദഗ്ദ്ധർ