
കൊല്ലം: തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രാൻസ്പോർട്ട് സർവീസുകൾ കൂട്ടത്തോടെ വെട്ടി ആലപ്പുഴയിലേക്ക് തിരിച്ചുവിട്ട തലതിരിഞ്ഞ പരിഷ്കാരത്തിൽ ഭാഗിക തിരുത്തൽ. കൊല്ലം ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം നോൺ സ്റ്റോപ്പ് ഫാസ്റ്റ് സർവീസ് ഇന്നലെ പുനരാരംഭിച്ചു. മെഡിക്കൽ കോളേജ് ഫാസ്റ്റ് സർവീസിന്റെ സമയം പഴയതുപോലെ 5.15ലേക്ക് മാറ്റാനും ധാരണയായി.
ആലപ്പുഴ സർവീസുകളുടെ വരും ദിവസങ്ങളിലെ വരുമാനം പരിശോധിച്ച ശേഷം മാറ്റം വരുത്താനും ആലോചനയുണ്ട്. യാത്രക്കാരുടെ എണ്ണം പരിഗണിച്ച് തിരുവനന്തപുരം ഭാഗത്തേക്ക് ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്താനും ഇന്നലെ യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ചീഫ് ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം തിങ്കളാഴ്ചയാണ് കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ ഭാഗങ്ങളിലേക്കുള്ള ഫാസ്റ്റുകൾ കൂട്ടത്തോടെ വെട്ടിയത്. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്ക് യാത്രാക്ലേശം രൂക്ഷമായി. പിന്നീട് കൊല്ലം ഡിപ്പോയിൽ നിന്ന് അഡീഷണൽ സർവീസ് നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. തിങ്കളാഴ്ച മറ്റ് ദിവസങ്ങളേക്കാൾ കൂടുതൽ യാത്രക്കാരുണ്ടാകും. അതുകൊണ്ട് തന്നെ തിങ്കളാഴ്ച വരുമാനം കൂടുതലായിരിക്കും. യാത്രാ ക്ലേശം പരിഹരിക്കാൻ കൂടുതൽ സർവീസ് കൂടി അയച്ചതിനാൽ മൂന്ന് ഡിപ്പോകളുടെയും ആകെ വരുമാനത്തിൽ ഇന്നലെ വർദ്ധനവുണ്ടായി. എന്നാൽ വരും ദിവസങ്ങളിൽ ഇതിടിയാൻ സാദ്ധ്യതയുണ്ട്.
 വരുമാനത്തിൽ കുറവില്ല
കൊല്ലം ഡിപ്പോയുടെ വരുമാനത്തിൽ തിങ്കളാഴ്ച കുറവുണ്ടായില്ലെന്ന് കൊല്ലം ഡി.ടി.ഒ അറിയിച്ചു. 47 സർവീസുകൾ ഓപ്പറേറ്റ് ചെയ്തപ്പോൾ 5.75 ലക്ഷം വരുമാനമായി ലഭിച്ചു. ലോക്ക് ഡൗണിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. 12,246 രൂപയാണ് ശരാശരി വരുമാനം. തിങ്കളാഴ്ചയായതിനാൽ യാത്രക്കാരുടെ തിരക്ക് കൂടുതലായിരുന്നു. അഡീഷണൽ സർവീസ് അയച്ച് യാത്രാ ക്ലേശം ഒഴിവാക്കി. തിരക്കിനനുസരിച്ച് സർവീസ് ഓപ്പറേറ്റ് ചെയ്യാൻ ഡിപ്പോ സജ്ജമാണെന്നും ഡി.ടി.ഒ മെഹബൂബ് അറിയിച്ചു.
''
പുതിയ പരിഷ്കാരത്തിലൂടെ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. അഡീഷണൽ സർവീസുകൾ അയച്ച് യാത്രാ ക്ലേശം പരിഹരിച്ചു.
ഉദ്യോഗസ്ഥർ