 
കൊല്ലം: മൺറോത്തുരുത്തിനെയും പടിഞ്ഞാറേ കല്ലടയെയും ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് കടവ് പാലവും യാഥാർത്ഥ്യമാകുന്നു. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സ്ഥല പരിശോധന നടത്തി.
പാലം നിർമ്മാണത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി കിഫ്ബിയിൽ നിന്ന് 24.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നൂറ് മീറ്ററാണ് പാലത്തിന്റെ നീളം. 11.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാത ഉണ്ടാകും. ഇരുവശങ്ങളിലും 730 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ട്.
ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാലുടൻ പാലത്തിന്റെ നിർമ്മാണം ടെണ്ടർ ചെയ്യും. കേരളാ റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി.
 പാലം വന്നാൽ
ഇപ്പോൾ നിർമ്മാണം ആരംഭിച്ച പെരുമൺ - പേഴുംതുരുത്ത് പാലത്തിനൊപ്പം കണ്ണങ്കാട്ട് കടവ് പാലം കൂടി വന്നാൽ കൊല്ലം നഗരത്തിൽ നിന്ന് വേഗത്തിൽ കുന്നത്തൂർ, ശാസ്താംകോട്ട ഭാഗങ്ങളിലെത്താം. ഇപ്പോൾ ചവറ, കുണ്ടറ റോഡുകൾ വഴിയാണ് ഇരുവശത്തേക്കുമുള്ള യാത്ര.
മൺറോത്തുരത്ത് വഴിയുള്ള പാത തുറക്കുന്നതോടെ കൊല്ലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഏകദേശം 12 കിലോ മീറ്ററോളം ദൂരവും സമയവും ലാഭിക്കാം. കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ പുതിയൊരു സമാന്തരപാത കൂടിയാകും ഇത്. ഗതാഗത കുരുക്കിൽപ്പെടാതെ വേഗത്തിൽ കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളിയിലെത്താമെന്ന പ്രത്യേകതയുമുണ്ട്.
 കണ്ണങ്കാട്ട് കടവ് പാലം
പദ്ധതി തുക: 24.95 കോടി (സ്ഥലമേറ്റെടുപ്പ് സഹിതം)
നീളം: 100 മീറ്റർ
വീതി: 11.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ വീതി
അപ്രോച്ച് റോഡ്: 730 മീറ്റർ
 സ്ഥിതിഗതികൾ അനുകൂലമെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയും.
കോവൂർ കുഞ്ഞുമോൻ എം .എൽ.എ