പത്തനാപുരം: ഇളയ സഹോദരിക്കൊപ്പം നിലത്ത് കിടന്നുറങ്ങവേ പത്തുവയസുകാരി ആദിത്യ പാമ്പുകടിയേറ്റ് മരിച്ച നാട്ടിൽ തന്നെയാണ് ഈ കൂരയും. പത്തനാപുരം ഗ്രാമപഞ്ചായത്ത് മാങ്കോട് വാർഡിൽ ഒരിപ്പുറം കോളനി അമ്പലം പടിഞ്ഞാറ്റതിൽ തോമസ് - അൽഫോൺസാ ദമ്പതികളും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമാണ് ചോർന്നൊലിച്ച് നിലംപതിക്കാവുന്ന ഒാല മേഞ്ഞ കൂരയിൽ ജീവിതം തള്ളിനീക്കുന്നത്.
മഴയോ കാറ്റോ വന്നാൽ കുഞ്ഞുങ്ങളുമായി അടുത്ത വീട്ടിലെ വരാന്തയിൽ അഭയം തേടും. മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നിലും ഏഴിലും പഠിക്കുന്ന മക്കൾക്ക് ഓൺലൈൻ പഠനത്തിനും സൗകര്യമില്ല. ആരോ വാങ്ങി നൽകിയ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അയൽ വീടുകളെ ആശ്രയിക്കണം.
വർഷങ്ങളായി ഇവർ വീടിനായി മുട്ടാത്ത വാതിലുകളില്ല. സ്വന്തമായി ഭൂമിയും റേഷൻ കാർഡും ഉണ്ടായിട്ടും അധികൃതർ കനിയുന്നില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് വീട്ടമ്മയായ അൽഫോൺസ. തോമസിന് കൂലിപ്പണിയിൽ നിന്ന് ലഭിക്കുന്ന ഏകവരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
ഈ കുരുന്നുകളുടെ വീടെന്ന സ്വപ്നവും തുടർ പഠനവും യാഥാർത്ഥ്യമാകാൻ വാവ സുരേഷിനെ പോലുള്ള സുമനസുകൾ മുന്നോട്ട് വരണം. കേരള ഗ്രാമീൺ ബാങ്ക് പത്തനാപുരം ശാഖയിൽ തോമസിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40585101011599. ഐ.എഫ്.എസ്.സി കോഡ്: കെ.എൽ.ജി.ബി 0040585.
പാമ്പ് ശല്യം രൂക്ഷം
പ്രദേശത്ത് വിഷ പാമ്പുകളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. പാമ്പുകടിയേറ്റ് മരിച്ച ആദിത്യ പഠിച്ച അതേ സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. അടച്ചുറപ്പുള്ള വാതിലോ വൈദ്യുതിയോ ഇല്ലാത്തതിനാൽ മണ്ണെണ്ണ വിളക്കാണ് ഇവരുടെ പ്രകാശം. മൺകട്ടയിൽ നിർമ്മിച്ച ഭിത്തിയിലെ വിടവുകളിലൂടെ പാമ്പ് അകത്തുകയറാതിരിക്കാൻ കുരുന്നുകൾ ഭിത്തിയിൽ ചെളി തേച്ച് അടച്ചിരിക്കുകയാണ്.