കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ പുതിയ കോഴ്‌സുകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചതായി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ അറിയിച്ചു.
നൈപുണ്യവികസനത്തിന് പ്രാധാന്യം നൽകുന്ന കോഴ്‌സുകൾ ആരംഭിക്കാനാണ് തീരുമാനം. സർവകലാശാലയുടെ പ്രവർത്തനം കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. എല്ലാ കോഴ്‌സുകൾക്കും റെക്കോർഡ് ചെയ്ത വീഡിയോ, പ്രിന്റഡ് മെറ്റീരിയൽ, ഓൺലൈൻ ലൈവ് ക്ലാസ്, സ്റ്റഡി സെന്ററുകളിലൂടെ നേരിട്ടുള്ള ക്ലാസ് തുടങ്ങിയവ ലഭ്യമാക്കും. ഓപ്പൺ സർവലാശാല നൽകേണ്ട കോഴ്‌സുകളിൽ തീരുമാനമെടുക്കാൻ വൈസ് ചാൻസലർ അദ്ധ്യക്ഷനായ സമിതി പ്രവർത്തനം തുടങ്ങി.
ഹ്രസ്വ - ദീർഘകാല കോഴ്‌സുകൾ, ബിരുദ - ബിരുദാനന്തര കോഴ്‌സുകൾ, തൊഴിലധിഷ്ഠിത, നൈപുണ്യവികസന കോഴ്‌സുകൾ തുടങ്ങിയവയാണ് പ്രാഥമികമായി നൽകാൻ ഉദ്ദേശിക്കുന്നത്.
നിർദ്ദേശങ്ങൾ 18ന് മുൻപ് അയയ്ക്കണം
പൊതുജനങ്ങൾ നിർദ്ദേശങ്ങൾ സമർപ്പിക്കുമ്പോൾ കോഴ്‌സിന്റെ പേരും ദൈർഘ്യവും സൂചിപ്പിക്കണം. കോഴ്‌സുകൾ ഏതു തലത്തിലുള്ളതാണെന്നും വ്യക്തമാക്കണം (സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര തലങ്ങൾ). കോഴ്‌സ് പൂർത്തിയാകുമ്പോൾ പഠിതാവിന് ലഭ്യമാകേണ്ട ഗുണപ്രാപ്തി, തൊഴിൽ / തുടർ പഠന സാദ്ധ്യതകൾ എന്നിവ ഓരോന്നും അഞ്ച് വരിയിൽ കൂടാതെ വിവരിക്കണം. 18ന് മുൻപ് course.sreenarayanaguruou@gmail.com എന്ന ഇ -മെയിലിലേക്കാണ് നിർദ്ദേശങ്ങൾ അയയ്ക്കേണ്ടതെന്ന് രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ് അറിയിച്ചു.