കരുനാഗപ്പള്ളി: അശരണർക്ക് അഭയം നൽകുന്ന ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ നാടിന് മാതൃകയാകുന്നു. ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ 7 വർഷത്തിന് മുമ്പ് കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് നാടിന്റെ പുരോഗതിയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഓച്ചിറയിലും ആലപ്പാട്ടും ഒഴിച്ച് കരുനാഗപ്പള്ളി, തൊടിയൂർ, കുലശേഖരപുരം, ക്ലാപ്പന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സംഘടനയ്ക്ക് സ്വന്തമായി ആസ്ഥാനമുണ്ട്. സ്ഥാപനത്തിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത് കരുനാഗപ്പള്ളി താച്ചയിൽ ജംഗ്ഷനിലാണ്. 200 ഓളം വാളണ്ടിയർമാരാണ് സംഘടനയ്ക്ക് കരുത്ത് പകരുന്നത്. സാന്ത്വന പരിചരണ രംഗത്ത് സമാനതകളില്ലാത്ത സേവനമാണ് ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ നടത്തുന്നതെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
പ്രധാന ലക്ഷ്യങ്ങൾ
കിടപ്പുരോഗികൾക്ക് മതിയായ പരിചരണം നൽകുക
പാവപ്പെട്ടവരെ ആംബുലൻസിൽ സൗജന്യമായി ആശുപത്രികളിലെത്തിക്കുക
രോഗികൾക്ക് സൗജന്യമായി മരുന്നും ഭക്ഷണവും നൽകുക
വാട്ടർ ബെഡും എയർബെഡും വീൽച്ചെയറുകളും ലഭ്യമാക്കുക
ഭരണ സമിതി
കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ മുഖ്യ രക്ഷാധികാരിയും കെ.ജി. ശിവപ്രസാദ് പ്രസിഡന്റും കോട്ടയിൽ രാജു സെക്രട്ടറിയുമായുള്ള ഭരണ സമിതിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
200 ഓളം വാളണ്ടിയർമാരാണ് സംഘടനയിൽ പ്രവർത്തിക്കുന്നത്
478 രോഗികൾക്ക് സഹായം:
110 പേർ കാൻസർ രോഗികൾ
സംഘടനയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ പരിധിയിൽ പരിചരണമാവശ്യമുള്ള 478 രോഗികളെയാണ് പരിരക്ഷിക്കുന്നത്. ഇതിൽ 110 പേർ കാൻസർ രോഗികളാണ്. ഇവർക്ക് വീടുകളിലെത്തിയാണ് ചികിത്സ ലഭ്യമാക്കുന്നത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീം സജീവമായി പ്രവർത്തന രംഗത്തുണ്ട്. 142 രോഗികളുടെ കുടുംബങ്ങൾക്ക് ഓരോ മാസവും 2000 രൂപ വിലവരുന്ന അരിയുൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ കൃത്യമായി വീടുകളിലെത്തിച്ച് നൽകും. രണ്ട് ആംബുലൻസുകൾ ഉൾപ്പെടെ 4 വാഹനങ്ങൾ നിലവിൽ ക്യാപ്ടൻ
ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയറിന് സ്വന്തമായുണ്ട്.
കൊവിഡ് പ്രതിരോധത്തിലും സജീവം
കഴിഞ്ഞ ഏപ്രിൽ മുതൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സംഘടന സജീവമാണ്. കൊവിഡ് രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിൽ സംഘടനയുടെ വാളണ്ടിയർമാർ വഹിക്കുന്ന സേവനം മാതൃകാപരമാണ്. കൊവിഡ് ബാധിച്ച് മരിച്ച 4 പേരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടനയുടെ നേതൃത്വത്തിൽ സംസ്കരിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾ പോലും മൃതദേഹത്തിന്റെ അരികിലേക്ക് ചെല്ലാൻ മടി കാണിക്കുമ്പോഴാണ് സംഘടനയുടെ വാളണ്ടിയർമാർ പി.പി.ഇ കിറ്റ് ധരിച്ച് മൃതദേഹങ്ങൾ ശ്മശാനങ്ങളിൽ എത്തിക്കുന്നത്.