ldf

കൊല്ലം: എൽ.ഡി.എഫ് സീറ്റ് വിഭജനത്തിൽ മതിലിൽ ഡിവിഷനെച്ചൊല്ലി ഇത്തവണയും സി.പി.എം - സി.പി.ഐ തർക്കം. സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇരുകൂട്ടരും. കഴിഞ്ഞ തവണ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന നിമിഷം വരെ ഉഭയകക്ഷി ചർച്ച നടത്തിയിട്ടും ധാരണയിലെത്താതെ വന്നതോടെ രണ്ട് കൂട്ടരും മത്സരത്തിനിറങ്ങി. ഒടുവിൽ ആർ.എസ്.പി സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

കഴിഞ്ഞ തവണ സി.പി.എം - 35, സി.പി.ഐ - 16, മൂന്ന് സീറ്റുകൾ മറ്റ് ഘടകക്ഷികൾക്ക് എന്നിങ്ങനെയായിരുന്നു ബാക്കിയുള്ള സീറ്റ് വിഭജനം. ഇത്തവണ കൊല്ലൂർവിള - ഐ.എൻ.എൽ, പോർട്ട് - കേരളാ കോൺഗ്രസ് മാണി, ശക്തികുളങ്ങര - ലോക് താന്ത്രിക് ജനതാദൾ എന്നിങ്ങനെയാണ് മറ്റ് ഘടകക്ഷികൾക്ക് ഇതുവരെ ധാരണയായ സീറ്റ്. ശക്തികുളങ്ങര സീറ്റ് ലോക് താന്ത്രികിന് നൽകിയതിനെതിരെ സി.പി.എമ്മിനുള്ളിൽ വലിയ എതിർപ്പുണ്ട്.

സി.പി.ഐ കഴിഞ്ഞ തവണത്തേത് പോലെ 16 സീറ്റുകളിൽ മത്സരിക്കും. സി.പി.എമ്മിന് ഇത്തവണ ഒരു സീറ്റ് കുറവാണ്. കഴിഞ്ഞ തവണ മത്സരിച്ച അഞ്ചാലുംമൂട് സീറ്റ് ആർ.എസ്.പിക്ക് (എൽ) കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവർ ഏറ്റെടുക്കാൻ തയ്യാറല്ല. അതുകൊണ്ട് തന്നെ എൽ.ഡി.എഫ് സ്വതന്ത്രയെ മത്സരിപ്പിക്കാനാണ് നിലവിലെ ധാരണ.

രണ്ടിടത്തൊഴികെ സി.പി.എം സ്ഥാനാർത്ഥികളായി

നഗരസഭയിലെ പട്ടത്താനം, തെക്കുംഭാഗം ഡിവിഷനുകളൊഴികെ സി.പി.എം മത്സരിക്കുന്ന മറ്റെല്ലായിടങ്ങളിലും സ്ഥാനാർത്ഥികളായി. 29 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. വള്ളിക്കീഴ് - എസ്. ജയൻ, കന്നിമേൽ - എ. അശ്വതി, കോളേജ് ഡിവിഷൻ - എസ്. ഗീതാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ തീരുമാനമായ സ്ഥാനാർത്ഥികൾ.

പട്ടത്താനത്ത് മൂന്ന് പേരെയാണ് പരിഗണിച്ചിരുന്നത്. തർക്കമുള്ളതിനാൽ മൂന്ന് പേരെയും മാറ്റി പുതിയൊരാളെ പരിഗണിക്കുന്നുവെന്നാണ് വിവരം. തെക്കുംഭാഗം ഘടകകക്ഷിക്കൾക്ക് നൽകാനായിരുന്നു ആദ്യ ആലോചന. രണ്ട് ദിവസം മുമ്പാണ് സി.പി.എം മത്സരിക്കാൻ തീരുമാനിച്ചത്. ഈ രണ്ടിടങ്ങളിലും ഇന്ന് തീരുമാനമാകും.

 നിലവിലെ സീറ്റ് വിഭജനം

 സി.പി.എം: 34

 സി.പി.ഐ: 16

 കേരളാ കോൺഗ്രസ് (ജോസ്): 1

 ലോക് താന്ത്രിക് ജനതാദൾ: 1

 ഐ.എൻ.എൽ: 1

 എൽ.ഡി.എഫ് സ്വതന്ത്ര: 1