thaddesam

 മൂന്ന് മുന്നണികൾക്കും നിർണായകം

കൊല്ലം: മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമാണ് ഇക്കുറി തദ്ദേശ പോര്. മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമാണ്. തോറ്റാലത് കനത്ത പ്രഹരവുമാവും. അതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും മൂന്ന് പാർട്ടികളും പ്രതീക്ഷിക്കുന്നില്ല.


 കോട്ട കാക്കാൻ ഇടത്


സി.പി.എമ്മിനെതിരെയുള്ള ആരോപണങ്ങളും സ്വർണക്കടത്ത് കേസുമെല്ലാം ഇടതിനെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനാവാതെ വിവാദച്ചുഴിയിലാണ് സർക്കാർ. ജില്ലയിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും 44 പഞ്ചായത്തുകളും നാല് നഗരസഭകളും കോർപ്പറേഷനും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. ഇതിൽ ഒരു സീറ്റ് കുറഞ്ഞാൽ പോലും സർക്കാരിനെതിരായ വിലയിരുത്തലാവും.

മാത്രമല്ല, ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. തോട്ടണ്ടി കേസിൽ അഴിമതിക്കാരെ സർക്കാർ സംരക്ഷിച്ചുവെന്ന ചർച്ച ശക്തമാണ്. ഇതിനെ മറികടന്ന് വോട്ട് നേടാനായാൽ നിയമസഭാ തിരഞ്ഞെടുപ്പിനെയും പേടികൂടാതെ നേരിടാം.


 തിരിച്ചുപിടിക്കാൻ യു.ഡി.എഫ്

കഴിഞ്ഞതവണ നഷ്ടമായ സീറ്റുകൾ തിരികെപ്പിടിക്കാനുള്ള അഭിമാന പോരാട്ടത്തിലാണ് യു.ഡ‌ി.എഫ്. നിലവിൽ ജില്ലാ പഞ്ചായത്തും ബ്ലോക്കും നഗരസഭയും കൈയിലില്ല. ഈ സ്ഥിതിയിൽ നിന്ന് കാര്യമായ മാറ്റമുണ്ടായില്ലെങ്കിൽ പഴി കേൾക്കേണ്ടിവരും. കൂടാതെ സി.പി.എമ്മിനെതിരെയും സർക്കാരിനെതിരെയുമുള്ള ആരോപണങ്ങൾ ജനം തള്ളിയെന്നും ജില്ല ഇടത് കോട്ടയെന്നും വ്യാഖ്യാനിക്കപ്പെടും. സർക്കാർ വിരുദ്ധ വികാരങ്ങളുടെ കുത്തൊഴുക്കിൽ അധികാരം പ്രതീക്ഷിച്ചാണ് യു.ഡി എഫ് നീങ്ങുന്നത്. കൊല്ലത്തുനിന്ന് കുറഞ്ഞത് എട്ട് എം.എൽ.എമാരെങ്കിലും വേണമെന്നാണ് പ്രതീക്ഷ. ഇതിനായി നേതാക്കൾ നന്നായി പണിയെടുക്കേണ്ടിയും വരും.


 അക്കൗണ്ട് തുറക്കാൻ എൻ.ഡി എ


ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രിതിനിധികളില്ലാത്ത ബി.ജെ.പി സഖ്യം ഇക്കുറി ജില്ലയിൽ അക്കൗണ്ട് തുറക്കാനുള്ള പരിശ്രമത്തിലാണ്. സർക്കാരിനെതിരെ ഏറ്റവും കൂടുതൽ സമരം ചെയ്തത് ബി.ജെ.പിയാണ്. സംസ്ഥാനത്തും ജില്ലയിലും പുതിയ നേതൃത്വം വന്നതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഫലം പഴയപടിയെങ്കിൽ ഗ്രൂപ്പിൽ കൂടുതൽ വിള്ളലുകൾ വീഴും. അഞ്ച് പഞ്ചായത്തിലെങ്കിലും അധികാരത്തിൽ വരണമെന്ന ദൃഢനിശ്ചയത്തിലാണ് നേതൃത്വം. ഇല്ലെങ്കിൽ അത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. നേതാക്കൾക്ക് വലിയ വിമർശനവും നേരിടേണ്ടിവരും.