കൊട്ടാരക്കര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 103 വാർഡുകളിലേക്കും കൊട്ടാരക്കര നഗരസഭയിലെ 13 വാർഡുകളിലേക്കും കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിലെ ഏഴ് ഡിവിഷനിലേക്കുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 130 വാർഡുകളിൽ ശേഷിക്കുന്നിടത്തും നഗരസഭയിലെ 29 വാർഡുകളിൽ ബാക്കിയുള്ളിടത്തും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഘടക കക്ഷികളുടെ സീറ്റിലും ധാരണയായിട്ടുണ്ട്. എതിർ സ്ഥാനാർത്ഥികളെ നോക്കി അന്തിമ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ചില വാർഡുകൾ ഒഴിച്ചിട്ടതെന്ന് നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബി.ജെ.പി തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന ഘട്ടത്തിലാണ്. കഴിഞ്ഞ തവണ മണ്ഡലത്തിൽ പത്ത് പഞ്ചായത്തുവാർഡുകളിലും കൊട്ടാരക്കര നഗരസഭയിലെ ഒരു വാർഡിലും ബി.ജെ.പിയ്ക്ക് വിജയം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ 42 വാർഡുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അടിത്തട്ടുമുതൽ കാലേക്കൂട്ടി ഒരുക്കം നടത്തിയതിനാൽ ഇക്കുറി വലിയ വിജയം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നെടുവത്തൂർ, മൈലം പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്നും സംസ്ഥാന സമിതി അംഗമായ ജി.ഗോപിനാഥ്, നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വയയ്ക്കൽ സോമൻ, ജനറൽ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ, സുനീഷ് മൈലം, അനീഷ് കിഴക്കേക്കര, രഞ്ജിത്ത് എന്നിവർ അറിയിച്ചു.