കൊല്ലം: പഞ്ചായത്ത് ജനപ്രതിനിധികൾ പലരും മാറി വന്നിട്ടും പുത്തൂർ പാണ്ടറ ചിറയ്ക്ക് ശാപമോക്ഷമില്ല. ഒരു കാലത്ത് ഗ്രാമത്തിന് മുഴുവൻ ജലസമ്പത്ത് പകർന്ന്നൽകിയ ഈ നീർത്തടം ഇന്ന് നിലനിൽപ്പിനായി കേഴുകയാണ്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കരുവായം വാർഡിലാണ് ചിറ സ്ഥിതി ചെയ്യുന്നത്. നാടിന്റെ ഐശ്വര്യമായിരുന്ന ചിറ ഇന്ന് കുറ്റിക്കാടുകൾ വളർന്ന് മൂടുകയാണ്. പായലും വെളിയിൽ ചേമ്പും വെള്ളത്തിന് മീതെ നിറഞ്ഞിട്ട് നാളേറെയായി. പരിഹാര നടപടികൾക്കുവേണ്ടി നാട്ടുകാർ നൽകിയ നിവേദനങ്ങളൊന്നും അധികൃതർ കണ്ടതായി ഭാവിച്ചില്ല. വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലമടുത്തപ്പോൾ പാണ്ടറ ചിറ പ്രധാന ചർച്ചയിലുണ്ട്.
അധികൃതർ മറന്ന ചിറ
പഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് കരുവായം വാർഡ്. വേനൽ കടുക്കുമ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടമാണ് നാട്ടുകാർ. കിണറുകളും തോടുകളും വറ്റി വരളുമ്പോഴും പാണ്ടറ ചിറയിൽ നിറ സമൃദ്ധിയാണ്. വേനൽക്കാലത്തൊക്കെ നാട്ടുകാർ കുളിയ്ക്കാനും തുണി അലക്കാനുമൊക്കെ ചിറയിലെ വെള്ളം ഉപയോഗിച്ചിരുന്നു. കാർഷിക ആവശ്യങ്ങൾക്കും ചിറയിലെ വെള്ളം കൊണ്ടുപോകുമായിരുന്നു. അതിന്റെ ചുറ്റുവട്ടത്തുള്ള കിണറുകളിലെ നീരളവ് നിലനിറുത്തുന്നതും ചിറയുടെ നിറ സമൃദ്ധിയാണ്. പാണ്ടറ ഗ്രാമത്തിന്റെ അസ്ഥിത്വമായ ചിറയെ അധികൃതർ മറന്നുകഴിഞ്ഞു. ഇടയ്ക്ക് തൊഴിലുറപ്പ് ജോലിക്കാർക്ക് തൊഴിലിനുവേണ്ടി ചിറയുടെ സംരക്ഷണമെന്ന തരത്തിൽ ചില്ലറ ജോലികൾ ചെയ്തതൊഴിച്ചാൽ ചിറയുടെ സംരക്ഷണത്തിന് ശാശ്വതമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. പുത്തൂർ- കൊട്ടാരക്കര റോഡിന്റെ അരികിലായിട്ടാണ് ചിറയുള്ളത്. ഇരുപത് കോടി രൂപയുടെ റോഡ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചിറയുടെ സമീപത്തുനിന്നും റോഡ് മുറിച്ച് ഏലായിലേക്കുള്ള കലുങ്ക് പുനർ നിർമ്മിച്ചിരുന്നു. ചിറയിലേക്ക് കരവെള്ളം ഇറങ്ങുന്നതിന് കുറച്ചൊക്കെ പരിഹാരവും ഇതുവഴി ഉണ്ടാക്കി. എന്നാൽ അതുകൊണ്ടൊന്നും ചിറ സംരക്ഷിക്കപ്പെടില്ല.
നീന്തൽ കുളമാക്കണം
വിസ്തൃതിയുള്ളതാണ് പാണ്ടറ ചിറ. അതുകൊണ്ടുതന്നെ വൃത്തിയാക്കിയെടുത്താൽ നീന്തൽ കുളമായി ഉപയോഗിക്കാം. നീന്തൽ പരിശീലന സംവിധാനങ്ങളും ഇവിടെ ഒരുക്കാം. കരവെള്ളം ഇറങ്ങാത്ത വിധം ചുറ്റും ഉയരത്തിൽ ഭിത്തികെട്ടി സംരക്ഷണ കവചമൊരുക്കണം. പായലും ചെളിയും കുറ്റിക്കാടുകളും നീക്കി ചിറ ഉപയോഗിക്കാവുന്ന വിധത്തിലാക്കിയാൽ നാടിന്റെ മുഖശ്രീയായി മാറും. മുൻപ് ജില്ലാ കളക്ടറുടെ വരൾച്ചാ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ച തുക വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജനപ്രതിനിധികൾ മനസുവച്ചാൽ പാണ്ടറ ചിറയുടെ മുഖശ്രീ തെളിയും.