കൊട്ടിയം: ബൈപാസിൽ മേവറം ജംഗ്ഷന് സമീപം മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. അറവുശാല മാലിന്യമുൾപ്പെടെ ചാക്കുകളിൽ കെട്ടി തള്ളുകയാണ് ഇവിടെ. മാലിന്യം ഭക്ഷിക്കാൻ ഇവിടെ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ ഇരുചക്ര വാഹന യാത്രികർക്കും കാൽനട യാത്രികർക്കും ഭീഷണിയാകുന്നുണ്ട്. അക്രമാസക്തരായി പാഞ്ഞടുക്കുന്ന നായ്ക്കളിൽ നിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. പരുന്തുകളും മറ്റ് പക്ഷികളും അറവുമാലിന്യം ഉൾപ്പെടെ കൊത്തിയെടുത്ത് പരിസരത്തെ കിണറുകളിൽ കൊണ്ടിടുന്നതും പതിവായിട്ടുണ്ട്.
സ്വകാര്യ മെഡിക്കൽ കോളേജിന് സമീപം റോഡരികിൽ ചെടികൾ വളർന്നുനിൽക്കുന്ന ഭാഗത്ത് തള്ളിയ അറവുശാല മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം മൂലം മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കോർപ്പറേഷന്റെ വടക്കേവിള സോണൽ പരിധിയിലുള്ള പ്രദേശത്തെ മാലിന്യനിക്ഷേപം തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.