crackers
crackers

പുനലൂർ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക തകർച്ച നേരിടുന്ന പടക്ക നിർമ്മാണ മേഖലയിലെ ജീവനക്കാർ ദീപാവലി കാത്തിരിക്കുകയാണ്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പുനലൂർ, പത്തനാപുരം താലൂക്കിലെ പടക്ക നിർമ്മാണ, വ്യാപാര മേഖലകളാണ് കഴിഞ്ഞ എട്ട് മാസമായി നിശ്ചലമായി കിടക്കുന്നത്.കൊവിഡിനെ തുടർന്ന് ഉത്സവങ്ങളും ആഘോഷ പരിപാടികളും നിലച്ചതോടെ ഇവരുടെ ഉപജീവന മാർഗം അടയുകയായിരുന്നു. ഇനിയുള്ള ഏക ആശ്രയം വരാനിരിക്കുന്ന ദീപാവലിയാണ്.

നിരോധനമുണ്ട്

ഇത്തവണ പടക്ക നിർമ്മാണ മേഖലയിൽ ചെറിയ നിരോധനവും നിലനിൽക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കർശന നിരോധനമുള്ളപ്പോൾ കേരളത്തിൽ മെട്രോപോളിറ്റൻ സിറ്റികളിൽ മാത്രമെ നിരോധനമുള്ളു എന്ന ആശ്വാസത്തിലാണ് വ്യാപാരികളും ജീവനക്കാരും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തദ്ദേശിയരായ പടക്ക നിർമ്മാതാക്കളുടെ ഉത്പ്പന്നങ്ങൾ വ്യാപാര ശാലകളിൽ കുറവാണ്. ആകാശത്ത് വർണകാഴ്‌ചകൾ ഒരുക്കുന്ന പൂത്തിരി, റോക്കറ്റ് തുടങ്ങിയ വിവിധ തരം പടക്കങ്ങളിൽ ഏറെയും തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നാണ് എത്തിയിരുന്നത്. അതിർത്തിയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാണെങ്കിലും ദീപാവലിക്കാവശ്യമായ സാധനങ്ങൾ കടത്തിവിടുന്നുണ്ട്.എല്ലാ വർഷവും ദീപാവലി കഴിഞ്ഞാൽ അടുത്ത വർഷത്തെ ദീപാവലി ആഘോഷങ്ങൾക്കായി പടക്ക നിർമ്മാണം നടത്തുന്ന സ്ഥലമാണ് ശിവകാശി. എന്നാൽ പടക്കനിർമ്മാണ ശാലകളിലെ സ്ഫോടനങ്ങളും കൊവിഡ് വ്യാപനവും കണക്കിലെടുത്ത് അടുത്ത കാലത്താണ് ശിവകാശിയിലെ പടക്കനിർമ്മാണ ശാലകളുടെ പ്രവർത്തനം ആരംഭിച്ചത്.