thamara

 മത്സരിക്കുന്നത് രണ്ട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ

കൊല്ലം: കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സി.പി.എം പടക്കുതിരകളായ നേതാക്കൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തണ ബി.ജെ.പി സ്ഥാനാർത്ഥികളാകും. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റി അംഗവും തോട്ടം മേഖലയിലെ തൊഴിലാളി നേതാവുമായ മാമ്പഴത്തറ സലീം, സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറിയും ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്. സുമനുമാണ് താമര ചിഹ്നത്തിൽ മസ്തരിക്കുക.

അന്തരിച്ച സി.പി.ഐ നേതാവ് പി.എസ്. ശ്രീനിവാസന്റെ മകനും അടുത്തിടെ സി.പി.ഐയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ സുപാലിന്റെ സഹോദരനുമാണ് കഴുതുരുട്ടി വാർഡിൽ മത്സരിക്കുന്ന സലീം. തൊഴിലാളികളോടും ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പിലും രാജ്യദ്രോഹ നിലപാടിലും പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.

അഞ്ചൽ ബ്‌ളോക്ക് പഞ്ചായത്ത് അംഗമായിരുന്ന സുമൻ സി.പി.എമ്മിലെ കടുത്ത വിഭാഗീയതയുടെ ഇരയാണ്. ഏരൂർ ടൗൺ വാർഡിൽ നിന്നാണ് സുമൻ ജനവിധി തേടുന്നത്. സി.പി.എമ്മിന്റെ അടവും ചുവടും പയറ്റിയ മുൻ നേതാക്കൾ ബി.ജെ.പി സ്ഥാനാർത്ഥികളായി കളത്തിൽ പ്രവേശിക്കുമ്പോൾ വല്ലാതെ വിയർക്കുകയാണ് സിപിഎം.