kureeppuzha
കുരീപ്പുഴയിലെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

 പൊലീസ് ലാത്തി വിശീ, മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: കുരീപ്പുഴയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ മണ്ണ് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സമരസമിതി സെക്രട്ടറി മണലിൽ സന്തോഷ്, പ്രദേശവാസികളായ അനന്തകൃഷ്ണൻ, ലത എന്നിവർക്കാണ് പരിക്കേറ്റത്. സന്തോഷിന് കൈയ്ക്കും മറ്റ് രണ്ട് പേർക്ക് തലയ്ക്കുമാണ് പരിക്ക്.

ഇന്നലെ രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ ഉദ്യോഗസ്ഥർ പദ്ധതി ഭൂമിയിലേക്ക് പ്രവേശിച്ചതോടെ നാട്ടുകാർ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി. 16 പേരെ അറസ്റ്റ് ചെയ്തുനീക്കി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ രണ്ട് മണിയോടെ കേസെടുത്ത ശേഷം വിട്ടയച്ചു. പൊലീസ് നടപടിയിൽ പരിക്കേറ്റ സ്ത്രീകളടക്കം ആശുപത്രിയിൽ ചികിത്സ തേടി.

മണ്ണ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തുന്നതിനാൽ പുലർച്ചെ അഞ്ചര മുതൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ആറ് മണി മുതൽ നാട്ടുകാരും സ്ഥലത്ത് തമ്പടിച്ച് തുടങ്ങി. ഇന്ന് സ്ഥലത്ത് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തും.

 ഇന്ന് ചർച്ച

സമരസമിതി നേതാക്കളുമായി ഇന്ന് വൈകിട്ട് കളക്ടർ ചർച്ച നടത്തും. സ്വീവേജ് പദ്ധതിക്കെതിരെ ജനങ്ങളുടെ എതിർപ്പ് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ചർച്ച. നേരത്തെ ഭൂമി അളക്കാൻ എത്തിയപ്പോഴും നാട്ടുകാർ സംഘടിച്ച് തടഞ്ഞിരുന്നു.