fire
fire

കൊല്ലം: കുളത്തൂപ്പുഴയിൽ സ്പെയർ പാർട്സ് കട കത്തിനശിച്ചു.മൂന്നരലക്ഷത്തോളം രൂപയുടെ നഷ്ടം.ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നുമണിയോടെ വലിയേലയിലായിരുന്നു സംഭവം . തെങ്കാശി സ്വദേശി അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള ശ്രീശാസ്താ സ്പെയർ പാർട്സ് ആൻഡ് സർവീസ് സെന്ററിനാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. ഓയിലുകൾ, ബൈക്കുകളുടെ സ്പെയർപാർട്സുകൾ തുടങ്ങിയവ അഗ്നിക്കിരയായി. മുപ്പത് കിലോ മീറ്ററോളം അകലെ പുനലൂരിൽ നിന്ന് ഫയർഫോഴ്സെത്തിയപ്പോഴേക്കും കട പൂർണമായും കത്തിയമർന്നിരുന്നു. നാട്ടുകാ‌ർ സമീപത്തെ തോട്ടിൽ നിന്ന് വെള്ളം കോരി തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുളത്തൂപ്പുഴയിൽ ഫയർസ്റ്റേഷൻ എന്ന ദീർഘകാലമായുള്ള ആവശ്യം ഫയലിൽ ഒതുങ്ങുമ്പോൾ തീപിടിത്തം പോലുള്ള ദുരന്തങ്ങൾക്ക് മുന്നിൽ നിസഹായരാകുകയാണ് കുളത്തൂപ്പുഴയിലെ നാട്ടുകാ‌ർ. സമീപത്ത് മറ്റ് കടകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.