election

 തിരഞ്ഞെടുപ്പ് ഡ്യൂട്ടിയോട് മുഖം തിരിക്കുന്നു

കൊല്ലം: തിരഞ്ഞെടുപ്പ് ഡ്യൂട്ടി സർക്കാർ ജീവനക്കാർക്ക് പണ്ടേ ഭയമാണ്. കൊവിഡ് കാലത്തിനിടയിൽ തിരഞ്ഞെടുപ്പ് എത്തിയതോടെ ജീവനക്കാരുടെ നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്. മുഖം തിരിച്ചറിയാൻ ബൂത്തിനുള്ളിൽ വോട്ടർമാർ മാസ്ക് ഊരും. കാര്യമായ വായുസഞ്ചാരമില്ലാത്ത ക്ലാസ് മുറികളാകും ഭൂരിഭാഗം പോളിംഗ് ബൂത്തുകളും.

വോട്ടർമാരുടെ ശ്വാസം ബൂത്തിൽ പരക്കും. ഇത്രയും കാലം കൊവിഡിന് പിടികൊടുക്കാതെ സൂക്ഷിച്ചതൊക്കെ വെറുതെയാകുമെന്ന ഭീതിയിലാണ് സർക്കാർ ജീവനക്കാർ. ഒപ്പിടാൻ അറിയാത്ത പ്രായമുള്ള വോട്ടർമാരുടെ വിരൽ പതിക്കണം. കൃത്യസ്ഥലത്ത് തന്നെ വിരൽ പതിക്കാൻ ചിലപ്പോൾ കൈയിൽ പിടിക്കേണ്ടി വരും. കൊവിഡ് സ്ഥിരീകരിച്ച വോട്ടർമാർക്ക് മാത്രമാണ് നിലവിൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുള്ളത്. തിരിച്ചറിയപ്പെടാത്ത കൊവിഡ് ബാധിതർ വോട്ട് ചെയ്യാൻ നേരിട്ടെത്തും. പിന്നെ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യാൻ പൂരപ്പറമ്പിലേതിനേക്കാൾ തള്ളാണ്. അതും വാങ്ങി ചെല്ലുന്നത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിലേക്കാണ്.

രാഷ്ട്രീയക്കാരും വോട്ടർമാരും നിരന്തരം കയറിയിറങ്ങുന്ന ടോയ്‌ലെറ്റിൽ വേണം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ. രാത്രി പോളിംഗ് സാമഗ്രികൾ മടക്കി നൽകാനും തള്ളോട് തള്ളാണ്. ഒരുപക്ഷെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പി.പി.ഇ കിറ്റ് നൽകി കമ്മിഷൻ തടിയൂരും. ആരോഗ്യ പ്രവർകർക്ക് കഷ്ടിച്ച് മൂന്ന് മണിക്കൂർ പോലും ഈ കിറ്റ് ധരിച്ചിരിക്കാൻ കഴിയുന്നില്ല. നേരത്തെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു പോളിംഗ്. ഇത്തവണ ഒരു മണിക്കൂർ കൂടി നീട്ടിയിട്ടുമുണ്ട്.

 നിരീക്ഷണം കടന്നും ബൂത്തിലേക്ക്

ഉറപ്പുള്ള വോട്ടാണെങ്കിൽ നിരീക്ഷണത്തിൽ കഴിയുന്നവരെയും രാഷ്ട്രീയക്കാർ ബൂത്തിലെത്തിക്കും. കൊവിഡ് പെരുകിയതോടെ ഇത്തരക്കാരുടെ കൃത്യമായ വിവരം ആരോഗ്യവകുപ്പിന്റെ പക്കലില്ല. ഇവർക്കായാണ് അവസാന ഒരു മണിക്കൂർ നീക്കിവച്ചിരിക്കുന്നത്. കൊവിഡ് പടരാനുള്ള സാഹചര്യം വലുതായതിനാൽ ഭൂരിഭാഗം സർക്കാർ ഓഫീസുകളും വീണ്ടും അടയുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്.

''

കൊവിഡ് മുക്തരാകുന്നവർ വീണ്ടും നിരീക്ഷണത്തിൽ തുടരണം.

ആരോഗ്യവകുപ്പ്

''

തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുൻപ് രോഗമുക്തരാകുന്നവർ ബൂത്തിലെത്തി വോട്ട് ചെയ്യണം.

ഇലക്ഷൻ കമ്മിഷൻ

''

തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത വളരെ കൂടതലാണ്.

സർക്കാർ ജീവനക്കാർ