ആശ്വാസമാകുന്നത് ആയിരങ്ങൾക്ക്
കൊല്ലം: എട്ടുമാസത്തെ കൊവിഡ് പ്രതിസന്ധി മറികടന്ന് തിരഞ്ഞെടുപ്പ് തിരക്കിലേക്ക് കടക്കുകയാണ് വിപണിയും ചെറുകിട സംരംഭകരും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചെലവിടുന്ന ലക്ഷങ്ങൾ വിപണിയുടെ വ്യത്യസ്‌ത മേഖലകളിലേക്കാണ് എത്തുന്നത്. പേപ്പർ മുതൽ പെയിന്റ് വരെ പ്രചാരണത്തിന് വേണ്ടതെല്ലാം വിറ്റഴിക്കപ്പെടുന്നത് ചെറുതല്ലാത്ത ആശ്വാസമാണ്. പ്രിന്റിംഗ് പ്രസുകൾ, ഫ്ളക്ല്സ് പ്രിന്റിംഗ് യൂണിറ്റുകൾ എന്നിവിടങ്ങൾ നീണ്ട നിശബ്‌ദതയ്‌ക്ക് ശേഷം വീണ്ടും സജീവമായി.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടി, തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പതിച്ച തോരണങ്ങൾ, തൊപ്പി, മാസ്ക്, മാലകൾ എന്നിവ വൻ തോതിൽ വിപണിയിലെത്തി കഴിഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിർമ്മാതാക്കളാണ് ഇത് തയ്യാറാക്കിയത്. നാട്ടിടകളിലെ ചെറിയ കടകളിൽ വരെ ഇത്തരം സാധനങ്ങൾ വിൽപ്പനയ്ക്കെത്തി. ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കായി പ്രവർത്തകരും ഇവ വാങ്ങിത്തുടങ്ങി.
അവസാന ലാപ്പിൽ അനൗൺസ്‌മെന്റ്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ അനൗൺസ്‌മെന്റിന് മൈക്കും ബോക്സും ലഭിക്കാതെ സ്ഥാനാർത്ഥികളും പ്രവർത്തകരും നാടാകെ ഓടുന്നത് പതിവാണ്. കാരണം സ്ഥാനാർത്ഥികൾക്ക് എല്ലാവർക്കും കൂടി കൊടുക്കാൻ ഉള്ളത്ര സാധനങ്ങൾ നാട്ടിലെ ഒരു മൈക്ക് ഓപ്പറേറ്ററുടെ കൈയിലും ഉണ്ടാകില്ല. മാർച്ച് അവസാനത്തോടെ തൊഴിൽ നിലച്ച ചെറുകിട സംരംഭകർക്കും തൊഴിലാളികൾക്കും സൗണ്ട് സിസ്റ്റവും മെെക്കും വാടകയ്ക്ക് പോകുന്നത് ആശ്വാസമാണ്.
പ്രസുകൾ ചലിച്ചുതുടങ്ങി
1. നിശ്ചലമായി കിടന്ന പ്രസുകളെല്ലാം സജീവമായി
2. ഇപ്പോൾ രാവേറെ കഴിഞ്ഞാലും തീരാത്ത ജോലിയുണ്ട്
3. ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങി മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം സ്വതന്ത്രരും കൂടിയാകുമ്പോൾ മത്സരിക്കുന്നവരുടെ എണ്ണം കൂടും
4. പോസ്റ്ററുകളും നോട്ടീസുകളും തയ്യാറാക്കുമ്പോൾ നാട്ടിലെ ചെറുതും വലുതുമായ എല്ലാ പ്രസുകൾക്കും തൊഴിൽ
5. പോസ്റ്റർ തയ്യാറാക്കുന്ന ഡിസൈനർമാർക്കും നല്ലകാലം
മഷിപുരണ്ട് ഫ്ളക്സ് പ്രിന്റിംഗ്
1. ഫ്ളക്‌സ് പ്രിന്റിംഗ് യൂണിറ്റുകളും തിരക്കിലേക്ക്
2. പല സ്ഥാപനങ്ങളും ബോർഡുകൾ തയ്യാറാക്കി നൽകും
3. ഗ്രാമങ്ങളിലെത്തിച്ച് സ്ഥാപിക്കേണ്ട ജോലി മാത്രമേ പ്രവർത്തകർക്കുള്ളൂ
4. ആവശ്യമെങ്കിൽ സ്ഥാപിച്ച് നൽകാനും ഫ്ളക്സ് യൂണിറ്റുകൾ സജ്ജം
5. മനോഹരമായ ചിത്രങ്ങൾ പകർത്തേണ്ടതിനാൽ സ്റ്റുഡിയോകളിലും തിരക്ക്
''
വെള്ളയടിച്ച ചുവരുകളിൽ ബഹുവർണങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും എഴുതിത്തുടങ്ങി. ജില്ലയിലെ നൂറ് കണക്കിന് തൊഴിലാളികൾക്കും കലാകാരൻമാർക്കുമാണ് ഇതിന്റെ നേട്ടം ലഭിക്കുന്നത്.
പ്രദീപ് മൂവക്കോട്
ആർട്ടിസ്റ്റ്