x

കൊല്ലം: തിരക്കേറിയ കാവനാട് - മേവറം ബൈപ്പാസിൽ എ.ടി.എം കൗണ്ടറുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് പണമെടുക്കാനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ദേശസാത്കൃത ബാങ്കുകളുടെയോ അല്ലാത്തതോ ആയ എ.ടി.എം സേവനം ഇവിടെ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ബൈപ്പാസ് കേന്ദ്രീകരിച്ച് നിരവധി സ്വകാര്യ ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹന ഷോറൂമുകൾ, കശുഅണ്ടി ഫാക്ടറികൾ, ഹോട്ടലുകൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിൽ എത്തുന്നവരാണ് അത്യാവശ്യ കാര്യങ്ങൾക്കായി എ.ടി.എം കൗണ്ടറുകളെ ആശ്രയിക്കുന്നത്. ബൈപ്പാസിലൂടെ യാത്ര ചെയ്യുന്നവരിൽ പലരും ഭക്ഷണം കഴിക്കാനും മറ്റ് അത്യാവശ്യങ്ങൾക്കും പണമില്ലാത്തതിനാൽ കൊല്ലം നഗരത്തിലെത്തേണ്ട അവസ്ഥയാണ്.

നീണ്ടകര പാലം കഴിഞ്ഞാൽ പണിപാളും

നീണ്ടകര പാലം കഴിഞ്ഞ് ശക്തികുളങ്ങര കപ്പിത്താൻ തിയേറ്ററിന് സമീപത്തെ എ.ടി.എം പിന്നിട്ട് ബൈപ്പാസിൽ പ്രവേശിച്ചാൽ 13 കിലോമീറ്റർ ദൂരം സഞ്ചരിച്ച് മേവറത്തെത്തിയാലേ ദേശീയപാതയോരത്തെ എ.ടി.എമ്മുകളുടെ സേവനം ലഭ്യമാകൂ. ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്ത ശേഷം കൊല്ലം നഗരത്തിൽ എത്തേണ്ട വാഹനങ്ങൾ ഒഴികെ എല്ലാ വാഹനങ്ങളും ബൈപ്പാസ് വഴിയാണ് കടന്നുപോകുന്നത്. മേവറവും ശക്തികുളങ്ങരയും കഴിഞ്ഞാൽ എ.ടി.എം സേവനത്തിനായി ബൈപ്പാസ് വിട്ട് ബൈറൂട്ടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

യാത്രക്കാരുടെ ആവശ്യം

ബൈപ്പാസിന്റെ വശങ്ങളിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ ആരംഭിച്ചതോടെയാണ് എ.ടി.എമ്മിന്റെ കുറവ് യാത്രക്കാർക്ക് ബോദ്ധ്യപ്പെട്ടത്. ബൈപ്പാസ് കേന്ദ്രീകരിച്ച് എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകൾ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ബൈപ്പാസിൽ തിരക്കേറിയതനുസരിച്ച് വശങ്ങളിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ ഉയർന്നു. എന്നാൽ എ.ടി.എമ്മോ കാഷ് ഡെപ്പോസിറ്റ് മെഷീനോ ബൈപ്പാസിന്റെ വശങ്ങളിൽ ഇല്ലാത്തതിനാൽ പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ യാത്രക്കാർ കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. യാത്രക്കാരുടെയും പ്രദേശവാസികളുടെയും സൗകര്യാർത്ഥം ബൈപ്പാസിൽ എ.ടി.എമ്മും കാഷ് ഡെപ്പോസിറ്റ് മെഷീനും ആരംഭിക്കണം

വി.എസ്. ഷാജി, പ്രസിഡന്റ്, സ്നേഹപൂർവം കുരീപ്പുഴയിൽ നിന്ന് (ചാരിറ്റി ഗ്രൂപ്പ്)