കരുനാഗപ്പള്ളി: കണ്ണുള്ളവർ കാണട്ടെ. കരുനാഗപ്പള്ളയിൽ ബസ് ഇറങ്ങുന്നവരുടെ കണ്ണിൽ ആദ്യം തറയ്ക്കുന്ന വാചകമാണിത്. വിശപ്പ് രഹിത കരുനാഗപ്പള്ളി എന്ന ആശയം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പറ്റം ചെറുപ്പക്കാർ രൂപം കൊടുത്ത കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ മുദ്രാവാക്യമാണിത്. കരുനാഗപ്പള്ളി നഗരത്തിൽ യാചകരുടെ എണ്ണം വർദ്ധിച്ചപ്പോൾ രൂപമെടുത്ത സംഘടനയാണിത്. പ്രവർത്തനം ആരംഭിച്ച് 264 നാൾ പിന്നിടുമ്പോൾ വിശപ്പ് രഹിത കരുനാഗപ്പള്ളി എന്ന ആശയം പൂർണമായും നേടാൻ സംഘാടകർക്ക് കഴിഞ്ഞു .ഈ വർഷം ഫെബ്രുവരിയിലാണ് സംഘടന കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്. അതിന് മുമ്പ് ചങ്ങാതി കൂട്ടം എന്ന പേരിൽ ഒരു ചെറിയ സംഘടന ടൗണിൽ പ്രവർത്തിച്ചിരുന്നു. ഇന്ന് കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ പൂർണമായും നിറഞ്ഞ് നിന്ന് പ്രവർത്തിക്കുന്ന സംഘടനയായി മാറാൻ കാഴ്ചക്ക് കഴിഞ്ഞു.
വിശക്കുന്നവർക്ക് മൂന്ന് നേരം ഭക്ഷണം
വിശക്കുന്നവർക്ക് മൂന്ന് നേരം അന്നം നൽകുക എന്നതാണ് കാഴ്ചയുടെ ലക്ഷ്യം. തെരുവോരങ്ങളിൽ വിശന്ന് അന്തി ഉറങ്ങുന്നവർക്ക് ഭക്ഷണം നൽകുക എന്ന ചിന്തയോടെയാണ് ചെറുപ്പക്കാരെ ഈ രംഗത്തേക്ക് വഴി തിരിച്ച് വിട്ടത്. നാട്ടുകാർ ഈ സംരംഭത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഭക്ഷണം സംഭരിക്കുന്നതിനായി കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് തെക്ക് വശം സംഘാടകർ ഫ്രിഡ്ജ് സജ്ജീകരിച്ചു. കാഴ്ച മുൻ കൈയ്യെടുത്ത് പാകം ചെയ്യുന്ന ഭക്ഷണം രാവിലേയും ഉച്ചയ്ക്കും രാത്രിയിലും ഫ്രിഡ്ജിൽ സംഭരിക്കും. ഇവിടെ നിന്നും വാളണ്ടിയർമാർ ഭക്ഷണം വിതരണം ചെയ്യും.
100 ഓളം പേർക്ക് ഭക്ഷണം
എല്ലാ ദിവസവും 100 ഓളം പേർ ഇവിടെ ഭക്ഷണത്തിനായി എത്താറുണ്ടെന്ന് സംഘാടകർ പറയുന്നു.ഫ്രിഡ്ജിന് സമീപം പൊതു ജനങ്ങൾക്കായി കുടിക്കാനുള്ള ശുദ്ധ ജലവും ഒരുക്കിയിട്ടുണ്ട്.ആന്തരിക അസുഖങ്ങളാൽ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് ധന സഹായവും നൽകുന്നുണ്ട്. കൊവിഡിനെ തുടർന്ന് കേരളത്തിൽ 144 പ്രഖ്യാപിച്ച 43 ദിവസവും 500 ഓളം പേർക്ക് ഭക്ഷണം നൽകാൻ കാഴ്ചക്ക് കഴിഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിൽ പോകാൻ കഴിയാത്തവർക്ക് കാഴ്ചയുടെ പ്രവർത്തനം അനുഗ്രഹമായി. മാത്രമല്ല സ്വന്തമായി മാസ്‌ക് ,ലോഷൻ , സാനിട്ടൈസർ എന്നിവ നിർമ്മിച്ച് വിവിധ കേന്ദ്രങ്ങളിൽ സൗജന്യമായി എത്തിച്ചു. പൊതു ജനങ്ങൾക്കായി ഹാൻഡ് വാഷും പൊതു നിരത്തുകളിൽ സ്ഥാപിച്ചു.
28 അംഗ കമ്മിറ്രിയും 200 വാളണ്ടിയേഴ്സും
സാമ്പത്തിക പ്രതിസന്ധിക്കൾക്കിടയിലും ഇന്നും മൂന്ന് നേരവും വിശക്കുന്ന വയറുകൾക്ക് ഭക്ഷണം നൽകുന്നുണ്ട്. പൊതു സമൂഹത്തിൽ നിന്നുള്ള സഹായമാണ് ഇവരെ മുൻപോട്ട് നയിക്കുന്നത്.ജഗത് ജീവൻ ലാലി പ്രസിഡന്റും ഷിഹാൻ ബഷി സെക്രട്ടറിയും അമൽ രാജ് ട്രഷററും ആയ 28 അംഗ കമ്മിറ്രിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 200 വാളണ്ടിയേഴ്സ് പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.