കൊല്ലം: ശബരിമല തീർത്ഥാടന കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ ഉറപ്പുവരുത്തുന്നതിന് സംയുക്ത സ്ക്വാഡ് പരിശോധനയ്ക്ക് ഇറങ്ങും. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യൂ, ലീഗൽ മെട്രോളജി, ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകളാണ് പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷ, ഏകീകൃത വിലവിവരം, ശുചിത്വം എന്നിവയും സ്ക്വാഡുകൾ ഉറപ്പാക്കും.
തീർത്ഥാടന കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ മേൽനോട്ടത്തിൽ നടക്കുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ അവലോകന യോഗം ചേർന്നു.
മുന്നൊരുക്കങ്ങൾ ഇങ്ങനെ
1. ഇടത്താവളങ്ങളുള്ള പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരുടെ അനുമതി ആവശ്യം
2. ലീഗൽ മെട്രോളജി, ആരോഗ്യ ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ മേൽനോട്ടത്തിലുള്ള സ്ക്വാഡ് ഭക്ഷ്യ നിലവാരവും വിലവിവരവും ഉറപ്പാക്കും
3. പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ സാമൂഹിക അകലം ഉറപ്പാക്കും
4. അടിയന്തര സാഹചര്യം നേരിടാൻ കൊട്ടാരക്കര, പുനലൂർ, അച്ചൻകോവിൽ, ആര്യങ്കാവ് മേഖലകളിൽ ആരോഗ്യവകുപ്പിന്റെ മുൻകരുതൽ
5. തീർത്ഥാടനത്തിനിടയ്ക്ക് കൊവിഡ് പോസിറ്റീവായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും
6. മൈക്ക് അനൗൺസ്മെന്റ്, ബഹുഭാഷകളിലുള്ള മുന്നറിയിപ്പുകൾ, ടോയ്ലെറ്റ്, പൊതുഇടങ്ങളിലെ ക്ലോറിനേഷൻ എന്നിവ ഉറപ്പാക്കും
7. ആര്യങ്കാവ്, അച്ചൻകോവിൽ അടക്കമുള്ള വനമേഖലയിൽ നിരന്തര റെയ്ഡ്
8. ദേശീയപാതയിലെ അറ്റകുറ്റപണികൾ, ബഹുഭാഷകളിൽ യാത്രാസൂചക ബോർഡുകൾ സ്ഥാപിക്കൽ എന്നിവ പുരോഗമിക്കുന്നു
''
തീർത്ഥാടന കാലത്ത് സംയുക്ത സ്ക്വാഡിന്റെ പരിശോധന ശക്തമാക്കും.
ബി.അബ്ദുൽനാസർ
ജില്ലാ കളക്ടർ