കൊല്ലം: നീണ്ട തർക്കത്തിനൊടുവിൽ ഡി. രാധാകൃഷ്ണനെ പട്ടത്താനത്ത് സ്ഥാനാർത്ഥിയായി തീരുമാനിച്ചതോടെ നഗരത്തിലെ സി.പി.എമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടിക പൂർത്തിയായി. നിസാം എന്ന പ്രാദേശിക പ്രവർത്തകന്റെ പേരാണ് ലോക്കൽ കമ്മിറ്റി ആദ്യം മുന്നോട്ടുവച്ചത്. എന്നാൽ ഇത് നിരാകരിച്ച ജില്ലാ നേതൃത്വം ഡി. രാധാകൃഷ്ണന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ലോക്കൽ കമ്മിറ്റി ഇത് അംഗീകരിച്ചില്ല. ഇതോടെ ജില്ലാ നേതൃത്വം നിര്യാതനായ നേതാവിന്റെ മകന്റെ പേര് മുന്നോട്ട് വച്ചു. ഈ പേരും ലോക്കൽ കമ്മിറ്റി നിരസിച്ചു. തർക്കം മൂത്തതോടെയാണ് മൂന്ന് പേരെയും മാറ്റിനിറുത്തി നാലാമതൊരാളെ കണ്ടെത്താൻ ധാരണയായത്. ഇതിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി ഭീഷണി ഉയർന്നു. വിജയ സാദ്ധ്യതയുള്ള ഡിവിഷൻ കൈവിട്ട് പോകുമെന്ന അവസ്ഥ വന്നതോടെ ഇന്നലെ രാത്രി വൈകി അവസാനിച്ച യോഗത്തിലാണ് ഡി. രാധാകൃഷ്ണനെ സ്ഥാനാർത്ഥിയായി അംഗീകരിച്ചത്. തെക്കുംഭാഗം ഡിവിഷനിൽ വിൽഫ്രണ്ട് സൈമണെ കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നു.
മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ
കൊല്ലം: കൊല്ലം നഗരസഭയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കയ്യാലയക്കല് - മജിദ വഹാബ്, മണക്കാട് - അഡ്വ. റീജ, അയത്തിൽ - അയത്തിൽ നിസാമുദ്ദീൻ, വാളത്തുങ്കൽ - എം. കമാലുദ്ദീൻ എന്നിവർ യു.ഡി.എഫ് സ്ഥാനാർത്ഥികളായി ഏണി ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം. അൻസാറുദ്ദീൻ അറിയിച്ചു.