kacha

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നണികൾ പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത് യുവനിര. കൊല്ലം ജില്ലാ പഞ്ചായത്ത്, പരവൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ മുനിസിപ്പാലിറ്റികൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, കൊല്ലം ജില്ലാ പഞ്ചായത്ത്, 68 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഭൂരിപക്ഷം സ്ഥാനാർത്ഥികളെയും മുന്നണികൾ പ്രഖ്യാപിച്ചു.

വിദ്യാർത്ഥി - യുവജന നേതാക്കൾക്ക് വലിയ പ്രാതിനിദ്ധ്യമാണ് സ്ഥാനാർ‌ത്ഥി പട്ടികയിലുള്ളത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.അനന്തു ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷനിലും സംസ്ഥാന കമ്മിറ്റിയംഗം യു. പവിത്ര കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരം ഡിവിഷനിലും മത്സരിക്കുന്നു. ഡി.വൈ.എഫ്.ഐ നേതാക്കളും വിവിധ ഇടങ്ങളിൽ മത്സര രംഗത്തുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു ജില്ലാ പഞ്ചായത്ത് കുന്നത്തൂരിൽ ഡിവിഷനിലാണ് മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസും കെ.എസ്.യുവും സ്ഥാനാർത്ഥി പട്ടികയിൽ പ്രാതിനിദ്ധ്യം ആവശ്യപ്പെട്ട് ശക്തമായ സമ്മർദ്ദം കോൺഗ്രസ് നേതൃത്വത്തിന് മേൽ ചെലുത്തിയിരുന്നു. എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് നേതാക്കളും സി.പി.ഐയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചു. യുവമോർച്ചയുടെ ജില്ലയിലെ ഏതാണ്ടെല്ലാ നിയോജക മണ്ഡലം പ്രസിഡന്റുമാരും ജില്ലാ നേതാക്കളും ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലുമായി മത്സര രംഗത്തുണ്ട്. യുവമോർച്ചയുടെ മുൻ ജില്ലാ പ്രസിഡന്റും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ വി.എസ്.ജിതിൻദേവ് ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷനിൽ മത്സരിക്കുന്നുണ്ട്. വനിതാ സംവരണ വാർഡുകളിലേക്ക് എൽ.ഡി.എഫും ബി.ജെ.പിയും പരിഗണിച്ചവരിൽ ഭൂരിപക്ഷവും യുവതിളാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടികളും വിദ്യാർത്ഥിനികളും മത്സര രംഗത്ത് എത്തിയതും ഇത്തവണത്തെ പ്രത്യേകതയാണ്.