കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നതോടെ വിജയ പോരാട്ടത്തിനായി മുന്നണികൾ സജ്ജമായി. 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഡിസംബർ 8ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 16ന് നടക്കും. ക്രിസ്‌മസിന് മുൻപ് തദ്ദേശ സ്ഥാപന പ്രതിനിധികൾ അധികാരമേറ്റെടുക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.
പ്രചാരണങ്ങളിലും വോട്ടെടുപ്പിലും കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള മാസ്‌ക്, ഷീൽഡ്, ഗ്ലൗസ് തുടങ്ങിയവ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകും. നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് അനുവദിക്കും. തിരഞ്ഞെടുപ്പ് തീയതിക്ക് മൂന്ന് ദിവസം മുൻപ് വരെ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാം. ഇതിനുശേഷം കൊവിഡ് ബാധിക്കുന്നവരും നിരീക്ഷണത്തിൽ പോകേണ്ടിവരുന്നവരും എങ്ങനെ വോട്ട് രേഖപ്പെടുത്തണമെന്ന കാര്യത്തിൽ അന്തിമ രൂപരേഖയായിട്ടില്ല.
ഓർത്തിരിക്കേണ്ട തീയതികൾ
നാമനിർദേശ പത്രിക 19 വരെ സമർപ്പിക്കാം
പത്രിക സൂക്ഷ്മ പരിശോധന 20ന്
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 23
വോട്ടെടുപ്പ് ഡിസംബർ 8ന്
സമയം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ 8ന്
നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ടത്
1. ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ: 1,000 രൂപ
2. ബ്ലോക്ക് - മുനിസിപ്പാലിറ്റി സ്ഥാനാർത്ഥികൾ: 2,000 രൂപ
3. കോർപ്പറേഷൻ സ്ഥാനാർത്ഥികൾ: 3,000 രൂപ
(പട്ടികജാതി - വർഗ സ്ഥാനാർത്ഥികൾ പകുതി തുക നിക്ഷേപമായി നൽകിയാൽ മതി)
പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുക
ഗ്രാമ പഞ്ചായത്ത്: 25,000 രൂപ
ബ്ലോക്ക് പഞ്ചായത്ത് - മുനിസിപ്പാലിറ്റി: 75,000 രൂപ
ജില്ലാ പഞ്ചായത്ത് - കോർപ്പറേഷൻ: 1.5 ലക്ഷം രൂപ
ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ: 85
ഗ്രാമപഞ്ചായത്തുകൾ: 68
വാർഡുകൾ: 1,234
കൊല്ലം കോർപ്പറേഷൻ ഡിവിഷനുകൾ: 55
മുനിസിപ്പാലിറ്റി ഡിവിഷനുകൾ
പരവൂർ: 32
പുനലൂർ: 35
കരുനാഗപ്പള്ളി: 35
കൊട്ടാരക്കര: 29
ബ്ലോക്ക് പഞ്ചായത്തുകൾ: 11
ഡിവിഷനുകൾ: 152
കൊല്ലം ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ: 26