ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
കരുനാഗപ്പള്ളി: കോഴിക്കോട് പ്രദേശത്തിന്റെ പരിധിയിലുള്ള ടി.എസ് കനാൽ - മങ്ങാട്ടേത്തുമുക്ക് നീർച്ചാലിൽ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. ഒരു കിലോമീറ്ററോളം ദൈർഘ്യം വരുന്ന നീർച്ചാലാണ് കോഴിക്കോട്ടെയും പരിസര പ്രദേശങ്ങളെയും മഴക്കാലത്ത് വെള്ളക്കെട്ടിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള നീർച്ചാൽ ഒന്നര പതിറ്റാണ്ട് മുൻപാണ് കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചത്. അന്ന് മൂന്ന് റീച്ചായാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്. ഇതിന് ശേഷം ഇതുവരെ സൈഡ് വാളിന്റെ അറ്റുകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
നീർച്ചാലിന് വീതിയില്ല
ടി.എസ് കനാൽ മുതൽ കിഴക്കോട്ട് കാരിക്കരമുക്ക് വരെ 5 മീറ്റർ വീതിയും ഇതിന് കിഴക്കോട്ട് 2.5 മീറ്റർ വീതിയുമാണ് നീർച്ചാലിനുള്ളത്. പല ഭാഗങ്ങളിലും നീർച്ചാലിന് വീതി വളരെ കുറവാണ്. ഈ സ്ഥലങ്ങൾ വീതി കൂട്ടി കോൺക്രീറ്ര് സ്ലാബുകൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ നീർച്ചാൽ പൂർണമായും ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. ചെളി മൂടി കിടക്കുന്നതിനാൽ ശക്തമായ മഴ പെയ്യുമ്പോൾ നീർച്ചാൽ വഴിയുള്ള നീരൊഴുക്കിന് തടസം നേരിടാറുണ്ട്.
കാലവർഷമെത്തിയാൽ ദുരിതം
കാലവർഷ സീസണിൽ നീർച്ചാലിൽ നിന്ന് വെള്ളം റോഡിലേക്ക് ഒഴുകി ജനജീവിതം ദുസഹമാകുന്നത് പതിവ് കാഴ്ച്ചയാണ്. നീർച്ചാലിലെ നീരൊഴുക്ക് തടസപ്പെടുത്തുന്ന ചെളി പൂർണമായും നീക്കം ചെയ്താൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. വേനൽ കാലയളവിൽ ഹിറ്റാച്ചി ഉപയോഗിച്ച് ചെളി പൂർണമായും നീക്കം ചെയ്താൽ വെള്ളമൊഴുക്ക് സുഗമമാക്കാനാവും. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന 22, 23, 25 ഡിവിഷനുകൾക്കാണ് ഇതിന്റെ നേരിട്ടുള്ള ഗുണം ലഭിക്കുന്നത്.
കരിങ്കൽ ഭിത്തിയുടെ പല ഭാഗങ്ങളും തകർച്ചയിൽ
കരിങ്കൽ ഭിത്തിയുടെ പല ഭാഗങ്ങളും തകർന്നിരിക്കുകയാണ്. ശാസ്താംനട ക്ഷേത്രം മുതൽ പടിഞ്ഞാറ് ഭാഗം വരെയുള്ള സ്ഥലത്തെ മഴവെള്ളവും പീടികമുക്ക് മുതൽ വടക്കും തെക്കും ഭാഗങ്ങളിലുള്ള മഴ വെള്ളവും ഈ നീർച്ചാലിലൂടെ ഒഴുകിയാണ് ടി.എസ്.കനാലിൽ പതിക്കുന്നത്.
നാട്ടുകാർക്ക് ഏറെ പ്രയോജനമുള്ള നീർച്ചാലാണ് തകർച്ചയുടെ വക്കിലുള്ളത്. കരിങ്കൽ ഭിത്തി തകർന്നുവീണ് തുടങ്ങി. അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണം. നീർച്ചാലിൽ മൂടിക്കിടക്കുന്ന ചെളി പൂർണമായും നീക്കം ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകും.
എൻ. സുഭാഷ്ബോസ്, പൊതു പ്രവർത്തകൻ