ചാത്തന്നൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് അങ്കത്തട്ടൊരുങ്ങിയതോടെ ചിറക്കര ഗ്രാമ പഞ്ചായത്തിൽ മുന്നണികൾ പ്രചാരണം ശക്തമാക്കി. പല പ്രദേശങ്ങളും കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് ചൂടിനെ കാര്യമായി ബാധിച്ചിട്ടില്ല. മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയവും ഒന്നാംഘട്ട പ്രചാരണവും പൂർത്തിയാക്കി.
പതിനാറ് വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന്റെ മുഴുവൻ സീറ്റുകളിലും കോൺഗ്രസാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിൽ സി.പി.എം 10 സീറ്റിലും സി.പി.ഐ 6 സീറ്റിലും മത്സരിക്കും. എൻ.ഡി.എയിൽ ബി.ജെ.പി 15 സീറ്റിലും ബി.ഡി.ജെ.എസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് രൂപീകരണം മുതൽ അംഗങ്ങളായിരുന്ന ജി. പ്രേമചന്ദ്രൻ ആശാൻ, നിലവിലെ പ്രസിഡന്റ് ടി.ആർ. ദീപു എന്നിവർ മത്സരരംഗത്തില്ല. അതേസമയം പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാസംവരണമായ പഞ്ചായത്തിൽ നിലവിലെ പ്രസിഡന്റിന്റെ ഭാര്യയും മത്സരിക്കുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
പകുതിയോളം വാർഡുകളിൽ ശക്തമായ ത്രികോണ മത്സരമാകും നടക്കുകയെന്ന പ്രതീതിയാണ് ആദ്യഘട്ടങ്ങളിൽ പ്രകടമാകുന്നത്. രൂപീകൃതകാലം മുതൽ മൃഗീയ ഭൂരിപക്ഷവുമായി എൽ.ഡി.എഫ് ഭരിക്കുന്ന ചിറക്കര പഞ്ചായത്തിൽ വികസന മുന്നേറ്റങ്ങൾ തന്നെയാണ് അവർ ചൂണ്ടിക്കാട്ടുന്നതും. വികസനത്തിന്റെ പേര് പറഞ്ഞ് നടപ്പാക്കുന്ന മുഴുവൻ പദ്ധതികളിലും അഴിമതിയാരോപിച്ചാണ് കോൺഗ്രസ് പ്രചാരണം. ഈ തിരഞ്ഞെടുപ്പിലൂടെ അഴിമതിക്കാരെ പുറത്താക്കുമെന്ന് ബി.ജെ.പിയും പറയുന്നു.
കർഷകരുടെയും കർഷക തൊഴിലാളികളുടെയും ഈറ്റില്ലമാണ് ജില്ലയിലെ പ്രമുഖ കാർഷിക മേഖലയായ ചിറക്കര. കശുഅണ്ടി തൊഴിലാളികൾ ഏറെയുള്ള പഞ്ചായത്തിൽ എല്ലാ മേഖലയിലുമുള്ള തൊഴിലാളികളുടെ വോട്ട് ബാങ്കാണ് മുന്നണികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കുക.