navas
മാലിന്യങ്ങൾ നിറഞ്ഞ കൂവളക്കുറ്റി തോട്

ശാസ്താംകോട്ട: കാർഷിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ശൂരനാട് തെക്ക് പഞ്ചായത്തിലെ കവളക്കുറ്റിത്തോട് തകർച്ചയുടെ വക്കിൽ. ചക്കുവള്ളി ചിറയിൽ നിന്ന് ഉത്ഭവിച്ച് 8 കിലോമീറ്ററോളം സഞ്ചരിച്ച് പള്ളിക്കലാറ്റിൽ അവസാനിക്കുന്ന തോടിന് നിരവധി കൈതോടുകളുമുണ്ട്. വേനൽക്കാലത്തുപോലും വെള്ളം വറ്റാത്ത തോടാണ് പരിസര പ്രദേശങ്ങളിലെ കിണറുകളെ ജലസമൃദ്ധമാക്കിയിരുന്നത്. വേനൽക്കാലത്ത് നാട്ടുകാർ കുളിക്കുന്നതും തുണി അലക്കുന്നതും കൂവളക്കുറ്റി തോട്ടിലായിരുന്നു. തോടിന്റെ ഇരുകരകളിലും സംരക്ഷണഭിത്തി നിർമ്മിച്ച് ശൂരനാടിന്റെ കാർഷിക മേഖലയുടെ സമൃദ്ധി നിലനിറുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കാർഷിക മേഖലയുടെ നട്ടെല്ല്

വേനൽക്കാലത്ത് കല്ലുവയൽ, ഒലിപ്പുറത്ത്, കുമരംചിറ, താമരശേരി എന്നീ ഏലാകളിൽ കൃഷി നിലനിറുത്തുന്നതും കൂവളക്കുറ്റി തോടിന്റെ സഹായത്തോടെയാണ്. കൃത്യമായ പരിപാലനവും സംരക്ഷണവും ഇല്ലാതായതോടെയാണ് തോട് നാശത്തിന്റെ വക്കിലെത്തിയത്. തോടിന്റെ ഇരുവശങ്ങളിലും കാടുപിടിച്ച് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്.