nda-candidate
കൊല്ലം ഉദയമാർത്താണ്ഡപുരം എൻ.ഡി.എ സ്ഥാനാർഥി അഭിഷേക് പ്രചാരണം ആരംഭിച്ചപ്പോൾ

 പ്രചാരണം സജീവമാക്കി സ്ഥാനാർത്ഥികൾ

കൊല്ലം: കൊവിഡിന്റെ ആലസ്യം ഉപേക്ഷിച്ച് നഗരം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. നഗരത്തിന്റെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുകയാണ്. പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികൾ പരസ്യപ്രചാരണവും ചർച്ചയിൽ നിൽക്കുന്നവർ രഹസ്യപ്രചാരണവും തുടങ്ങി. സ്വതന്ത്ര, വിമത സ്ഥാനാർത്ഥി നീക്കങ്ങളും പല കേന്ദ്രങ്ങളിലും തകൃതിയായി നടക്കുന്നുണ്ട്.

നഗരത്തിൽ 34 സി.പി.എം സ്ഥാനാർത്ഥികൾ പ്രചരണം തുടങ്ങി. പാർട്ടി പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ഏകദേശ ധാരണയായ സ്ഥലങ്ങളിലെ സി.പി.ഐ സ്ഥാനാർത്ഥികളും രഹസ്യമായി വോട്ട് തേടി തുടങ്ങി. എൽ.ഡി.എഫിൽ സീറ്റ് കിട്ടിയ ഘടകകക്ഷികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

മറ്റെല്ലാവരെക്കാളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചത് ആർ.എസ്.പിയാണ്. തർക്കങ്ങളില്ലാത്ത ആറ് സീറ്റിൽ കോൺഗ്രസും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബാക്കിയുള്ള സീറ്റുകളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് കോൺഗ്രസിന്റെ പൂർണ പട്ടിക ഇന്ന് പുറത്തിറങ്ങാൻ സാദ്ധ്യതയുണ്ട്. മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ പോസ്റ്റർ അടക്കം പതിച്ച് പ്രചാരണത്തിൽ ഒരുപടി മുന്നിൽ കയറാനുള്ള ശ്രമത്തിലാണ്.

ബുധനാഴ്ച പ്രഖ്യാപിച്ച ബി.ജെ.പിയുടെ 36 സ്ഥാനാർത്ഥികളും ഇന്നലെ കളം നിറഞ്ഞു. ബാക്കിയുള്ളവരുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഒരു ഡിവിഷൻ ഒഴികെ ബാക്കിയെല്ലാ സീറ്റുകളിലും ബി.ജെ.പി തന്നെ മത്സരിക്കാനാണ് എൻ.ഡി.എയിലെ ധാരണ.

സാമൂഹ്യ അകലം മറക്കുന്നു

തിരഞ്ഞെടുപ്പ് ആവേശം തലയിൽ കയറിയതോടെ പാർട്ടി പ്രവർത്തകർ സാമൂഹ്യഅകലമൊക്കെ മറന്നിരിക്കുകയാണ്. 144 നിലനിൽക്കുന്നതൊക്കെ അവഗണിച്ച് വൻസംഘമായാണ് പല സ്ഥാനാർത്ഥികളും വീടുകൾതോറും കയറിയിറങ്ങുന്നത്. കൂട്ടതോടെ ആളുവരുന്നത് കണ്ട് പലരും കതക് തുറക്കാത്ത സംഭവങ്ങളും പാർട്ടി പ്രവർത്തകർ തന്ന പങ്കുവയ്ക്കുന്നു. സ്ഥാനാർത്ഥികൾ കൊവിഡ് പിടിച്ച് വീട്ടിലാകുമോയെന്ന ആശങ്കയും പാർട്ടികൾക്കുണ്ട്. എന്തായാലും സൂക്ഷിക്കണമെന്ന് സ്ഥാനാർത്ഥികൾക്ക് പാർട്ടികൾ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.